കല്യാണി - ഉദ്ഘാടന മത്സരത്തില്‍ അരങ്ങേറ്റക്കാരായ ഇന്റര്‍ കാശിയോട് സമനില വഴങ്ങിയ ശേഷം ഐ-ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളക്ക് തുടര്‍ച്ചയായ മൂന്നാം ജയം. പശ്ചിമബംഗാളിലെ കല്യാണി സ്റ്റേഡിയത്തില്‍ മലബാറിയന്‍സ് എതിരില്ലാത്ത രണ്ടു ഗോളിന് ട്രാവു എഫ്.സിയെ തോല്‍പിച്ചു. ഈ സീസണില്‍ ഗോകുലത്തിന്റെ ആദ്യ എവേ മത്സരമാണ് ഇത്. പതിനാറാം സെക്കന്റില്‍ ഗോകുലം എതിരാളികളുടെ വല ചലിപ്പിച്ചു. ഈ സീസണിലെ വേഗമേറിയ ഗോളാണ് ഇത്.
ആദ്യ മിനിറ്റില്‍ തന്നെ ഗോകുലം എതിരാളികളെ ഞെട്ടിച്ചു. പതിനാറാം മിനിറ്റില്‍ വീണ്ടും ട്രാവു വല കുലുക്കി. ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസിന്റെ ബൂട്ടില്‍ നിന്നാണ് രണ്ടു ഗോളും. രാജസ്ഥാന്‍ എഫ്.സിക്കെതിരായ കഴിഞ്ഞ കളിയില്‍ അലക്‌സ് ഹാട്രിക് നേടിയിരുന്നു. നാലു കളികളില്‍ എട്ട് ഗോളായി. നാല് കളിയില്‍ 10 പോയന്റുമായി ഗോകുലവും മുഹമ്മദന്‍ സ്‌പോര്‍ടിംഗ് ക്ലബ്ബും ഒന്നാം സ്ഥാനം പങ്കിടുകയാണ്.
ഗോള്‍കീപ്പര്‍ ദേവാന്‍ഷ് ദബാസ് ചുവപ്പ് കാര്‍ഡ് കണ്ട ശേഷം 62ാം മിനിറ്റ് മുതല്‍ ഗോകുലം പത്തു പേരുമായാണ് കളിച്ചത്. ട്രാവുവിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്.
ടച്ച് ചെയ്ത പന്ത് ഡിഫന്‍സില്‍ നിന്ന് ഉയര്‍ത്തിയത് വലതു വിംഗില്‍ സമര്‍ഥമായി നിയന്ത്രിച്ച പി.എന്‍ നൗഫലാണ് ഗോളിന് വഴിയൊരുക്കിയത്. ക്ലിന്റന്‍ ഖുമാനെ വെട്ടിച്ച് സാഞ്ചസ് വലയിലേക്ക് ഹെഡ് ചെയ്തു.
രണ്ടാം ഗോള്‍ ട്രാവു സമ്മാനിച്ചതായിരുന്നു. ക്ലിന്റന്റെ നിരുപദ്രവകരമായ ബാക്ക് പാസ് അടിച്ചകറ്റാന്‍ ഗോളി മിഥുന്‍ സാമന്തക്ക് സാധിച്ചില്ല. അലക്‌സ് പന്ത് പിടിക്കുകയും ഒഴിഞ്ഞ വലയില്‍ നിക്ഷേപിക്കുകയും ചെയ്തു. ഹാട്രിക് തികക്കാന്‍ ആദ്യ പകുതിയില്‍ അലക്‌സിന് രണ്ടരവസരങ്ങള്‍ കൂടി ലഭിച്ചിരുന്നു.
രണ്ടാം പകുതിയില്‍ ഗോളിലേക്ക് കുതിച്ച ഇബ്രാഹിം ബാല്‍ദെയെ ഫൗള്‍ ചെയ്തതിനാണ് ദബാസിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്. എന്നാല്‍ ആള്‍ബലം മുതലാക്കാന്‍ ട്രാവുവിന് സാധിച്ചില്ല.






