പാക്കിസ്ഥാന്റെ പ്രശ്‌നം ക്യാപ്റ്റനല്ല -അക്രം

ഇസ്്‌ലാമാബാദ്- ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിന് പഴി കേള്‍ക്കുന്ന ടീം കാപ്റ്റന്‍ ബാബര്‍ അസിമിന് പിന്തുണയുമായി മുന്‍ നായകന്‍കൂടിയായ പേസര്‍ വസീം അക്രം. പരാജയത്തില്‍ ബാബര്‍ അസമിനെ മാത്രം വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് അക്രം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാബറിന് തെറ്റുപറ്റിയിട്ടുണ്ടാകാം. എന്നാല്‍ അദ്ദേഹത്തെ മാത്രം വിമര്‍ശിച്ച് കൊണ്ട് ടീമിന് മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്രം പറയുന്നു. ബാബര്‍ അസം മാത്രമല്ല ഈ ടീമില്‍ കളിക്കുന്നത്. ഇത് മുഴുവന്‍ സിസ്റ്റത്തിന്റെയും പ്രശ്‌നമാണ്. ബാബര്‍ മാത്രം ബലിയാടാവുകയാണ്. കഴിഞ്ഞ വര്‍ഷം സംഭവിച്ചതെല്ലാം പാക് ക്രിക്കറ്റ് സംവിധാനത്തിന്റെ പിഴവുകളാണ്. ആരാണ് പരിശീലകന്‍, ആരാണ് പുറത്ത് പോകുന്നത്, വരുന്നത് എന്നതൊന്നും കളിക്കാര്‍ക്ക് അറിയുന്നില്ല. -അക്രം പറഞ്ഞു.
ലോകകപ്പില്‍ പാക്കിസ്ഥാനേക്കാള്‍ മികച്ച പ്രകടനം അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തുവെന്ന് മുന്‍ പാക് താരം ഷുഐബ് മാലിക്ക് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 10 ടീമുകളുള്ള പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയിട്ട് പോലും പാക്കിസ്ഥാന്‍ സെമിയില്‍ എത്തുന്നതില്‍ പരാജയപെട്ടു. അഫ്ഗാനിസ്ഥാനോടുള്ള തോല്‍വി പാക്കിസ്ഥാന്‍ പുറത്താകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. -മാലിക് പറഞ്ഞു.

Latest News