പ്രീമിയര്‍ ലീഗില്‍ വീണ്ടും ക്ലോപ്പ് x ഗ്വാഡിയോള

ലണ്ടന്‍ - സമീപകാലത്ത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍. കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ നിരാശപ്പെടുത്തി. ഇത്തവണ തുടക്കത്തില്‍ ലിവര്‍പൂളിന് കാലിടറിയ ശേഷം രണ്ടു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങകയാണ്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില ചാമ്പ്യന്മാരായ സിറ്റി. ലിവര്‍പൂള്‍ ഒരു പോയന്റ് പിന്നിലുണ്ട്. 
സിറ്റിയും ചെല്‍സിയും തമ്മിലുള്ള സ്റ്റാന്‍ഫോഡ് ബ്രിജിലെ ത്രസിപ്പിക്കുന്ന പോരാട്ടം 4-4 ലാണ് കലാശിച്ചത്. ചെല്‍സിക്ക് ലോണായി നല്‍കിയ കോള്‍ പാമറാണ് ഇഞ്ചുറി ടൈമിലെ പെനാല്‍ട്ടിയിലൂടെ ചെല്‍സിക്ക് ഒരു പോയന്റ് ഉറപ്പാക്കിയത്. മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ 3-0 ന് ബ്രെന്റ്ഫഡിനെ തോല്‍പിച്ചു. ആഴ്‌സനലിന് ലിവര്‍പൂളിനൊപ്പം പോയന്റുണ്ടെങ്കിലും ഗോള്‍വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ട് പരാജയങ്ങളോടെ ടോട്ടനം ഒന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കു പോയി. 
2019-22 കാലഘട്ടത്തില്‍ കാണികളെ ഹരംപിടിപ്പിച്ച ലിവര്‍പൂളിന് കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. സാദിയൊ മാനെയുള്‍പ്പെടെ കളിക്കാര്‍ ക്ലബ്ബ് വിട്ടു. സലാഹ് ആക്രമണം നയിക്കാനുണ്ടെങ്കിലും ടീം അടിമുടി പാറി. ബ്രന്റ്ഫഡിനെതിരായ മത്സരത്തില്‍ സലാഹ് പ്രീമിയര്‍ ലീഗിലെ ഇരുനൂറാം ഗോള്‍ നേടി. 
രണ്ടു മാസം മുമ്പ് ലോണായി ചെല്‍സിക്ക് കൈമാറിയ പാമര്‍ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് സിറ്റിക്ക് പ്രഹരമേല്‍പിച്ചത്. മറ്റൊരു മുന്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിംഗായിരുന്നു കളിയിലുടനീളം ചെല്‍സിയുടെ കുതിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 
പെനാല്‍ട്ടിയിലൂടെ എര്‍ലിംഗ് ഹാളന്റാണ് ആദ്യം ഗോളടിച്ചത്. തിയാഗൊ സില്‍വയുടെ ഹെഡറിലൂടെ ചെല്‍സി ഒപ്പമെത്തുകയും സ്റ്റെര്‍ലിംഗിലൂടെ ലീഡ് നേടുകയും ചെയ്തു. ഇഞ്ചുറി ടൈമിന് അല്‍പം മുമ്പ് മാന്വേല്‍ അകഞ്ജി സ്‌കോര്‍ 2-2 ആക്കി. ഇടവേള കഴിഞ്ഞ് തൊണ്ണൂറാം സെക്കന്റില്‍ മിന്നല്‍ നീക്കത്തിനൊടുവില്‍ ഹാളന്റ് സിറ്റിയുടെ ലീഡ് തിരിച്ചുപിടിച്ചു. ചെല്‍സി വിട്ടുകൊടുത്തില്ല. നിക്കൊളാസ് ജാക്‌സനിലൂടെ അവര്‍ സ്‌കോര്‍ 3-3 ആക്കി. 86ാം മിനിറ്റില്‍ സിറ്റി വീണ്ടും ലീഡ് നേടി. റോഡ്രി തൊടുത്തുവിട്ട വെടിയുണ്ട തിയാഗൊ സില്‍വയുടെ കാലില്‍ തട്ടിത്തിരിഞ്ഞപ്പോള്‍ ഗോളി നിസ്സഹായനായി. അവസാന മിനിറ്റുകളില്‍ പകരക്കാരനായിറങ്ങിയ അര്‍മാന്‍ഡൊ ബ്രോഹയാണ് ലിവര്‍പൂളിന് ഇഞ്ചുറി ടൈമില്‍ പെനാല്‍ട്ടി നേടിക്കൊടുത്തത്. സിറ്റിയുടെ അക്കാദമിയിലൂടെ വളര്‍ന്നുവന്ന ഇരുപത്തൊന്നുകാരന്‍ പാമര്‍ അത് ലക്ഷ്യത്തിലെത്തിച്ചു. സെപ്റ്റംബറില്‍ ചെല്‍സിയിലെത്തിയ പാമര്‍ നാലാമത്തെ പെനാല്‍ട്ടിയാണ് ഗോളാക്കുന്നത്. 
ഹാളന്റിന് ഈ സീസണില്‍ 17 ഗോളായി. സലാഹിന് പന്ത്രണ്ടും. സീസണിലെ ആദ്യ ആറ് ഹോം പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ഗോളടിക്കുന്ന ആദ്യ ലിവര്‍പൂള്‍ കളിക്കാരനായി സലാഹ്.
 

Latest News