കോലിക്കും രോഹിതിനും വിക്കറ്റ്, ഒമ്പതിലും ജയിച്ച് ഇന്ത്യ

ബംഗളൂരു - നെതര്‍ലാന്റ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ അര്‍ധ ശതകം നേടിയതിനു പിന്നാലെ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിക്കറ്റെടുത്തു. 13 പന്ത് ശേഷിക്കെ നെതര്‍ലാന്റ്‌സ് 250 ന് ഓളൗട്ടായി. ഇന്ത്യക്ക് 160 റണ്‍സ് ജയം. ഒമ്പത് കളികളും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടവും സമാപിച്ചു. സെമിഫൈനലില്‍ ബുധനാഴ്ച ഇന്ത്യയും ന്യൂസിലാന്റും ഏറ്റുമുട്ടും. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമി വ്യാഴാഴ്ചയാണ്. 
ക്യാപ്റ്റന്‍ സ്‌കോട് എഡ്വേഡ്‌സിനെയാണ് (17) കോലി പുറത്താക്കിയത്. ലെഗ്‌സൈഡിലേക്ക് പോയ പന്ത്  വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ സമര്‍ഥമായി പിടിക്കുകയായിരുന്നു. 2014 നു ശേഷം ആദ്യമായാണ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ കോലി വിക്കറ്റെടുക്കുന്നത്. അലസ്റ്റര്‍ കുക്ക്, ക്രയ്ഗ് കീസ്‌വെറ്റര്‍, ക്വിന്റന്‍ ഡികോക്ക്, ബ്രന്‍ഡന്‍ മക്കല്ലം, കെവിന്‍ പീറ്റേഴ്‌സന്‍, സമിത് പട്ടേല്‍, മുഹമ്മദ് ഹഫീസ്, ജോണ്‍സണ്‍ ചാള്‍സ് തുടങ്ങിയ പ്രമുഖ ബാറ്റര്‍മാര്‍മാരെ നേരത്തെ കോലി പുറത്താക്കിയിട്ടുണ്ട്. പൊരുതിനിന്ന ഇന്ത്യന്‍വംശജന്‍ തേജ നിഡമനൂരുവിനെ (39 പന്തില്‍ 54) പുറത്താക്കി രോഹിതാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. കോലിക്കും (3-0-13-1) രോഹിതിനും (0.5-0-7-1) പുറമെ ശുഭ്മന്‍ ഗില്‍ (2-0-11-0), സൂര്യകുമാര്‍ യാദവ് (2-0-17-0) എന്നിവരും ബൗള്‍ ചെയ്യാനെത്തി. 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു. ക്രീസിലിറങ്ങിയ ആറ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അഞ്ചും അര്‍ധ ശതകം പിന്നിട്ടു. രണ്ടു പേര്‍ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. ശ്രേയസ് അയ്യര്‍ (93 പന്തില്‍ 127 നോട്ടൗട്ട്, 6-5, 4-10) നെതര്‍ലാന്റ്‌സിനെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി. തൊട്ടുപിന്നാലെതുടര്‍ച്ചയായ രണ്ട് സിക്‌സറുകളിലൂടെ കെ.എല്‍ രാുഹുലും (64 പന്തില്‍ 102്, 6-4, 4-11) സെഞ്ചുറി തികച്ചു. ലോകകപ്പില്‍ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറിയാണ് രാഹുലിന്റേത് (60 പന്തില്‍). അവസാന പത്തോവറില്‍ 126 റണ്‍സും ലാസ്റ്റ് അഞ്ചോവറില്‍ മാത്രം 76 റണ്‍സും ഇന്ത്യ വാരി
ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (54 പന്തില്‍ 61, 6-2, 4-8), ശുഭ്മന്‍ ഗില്‍ (32 പന്തില്‍ 51, 6-4, 4-3) മുന്‍ നായകന്‍ വിരാട് കോലി (56 പന്തില്‍ 51, 6-1, 4-5) എന്നിവര്‍ അര്‍ധ ശതകം തികച്ചയുടനെ പുറത്തായി. 
ഒമ്പത് കളികളില്‍ ഏഴിലും അര്‍ധ ശതകം പിന്നിട്ട വിരാട് കോലി ഗ്രൂപ്പ് ഘട്ടത്തിലെ സൂപ്പര്‍ താരമായി. ഓസ്‌ട്രേലിയക്കെതിരെ 85 (116 പന്തില്‍) അഫ്ഗാനിസ്ഥാനെതിരെ 55 നോട്ടൗട്ട് (56), ബംഗ്ലാദേശിനെതിരെ 103 നോട്ടൗട്ട് (97), ന്യൂസിലാന്റിനെതിരെ 95 (104), ശ്രീലങ്കക്കെതിരെ 88 (94), ദക്ഷിണാഫ്രിക്കക്കെതിരെ 101 നോട്ടൗട്ട് (121), നെതര്‍ലാന്റ്‌സിനെതിരെ 51 (56) എന്നിങ്ങനെയാണ് കോലിയുടെ അര്‍ധ ശതകങ്ങള്‍. ആകെ 594 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡികോക്കിനെക്കാള്‍ മൂന്ന് റണ്‍സ് കൂടുതല്‍.
ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ സൂചന നല്‍കിയതു പോലെ കോച്ച് രാഹുല്‍ ദ്രാവിഡ് ഫസ്റ്റ് ഇലവനെ തന്നെയാണ് നെതര്‍ലാന്റ്‌സിനെതിരായ അപ്രസക്ത മത്സരത്തില്‍ ഇറക്കിയത്.
 

Latest News