Sorry, you need to enable JavaScript to visit this website.

വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ അപകടം ലോകത്തിനെന്ന് ഇന്ത്യക്കെതിരെ കാനഡ

ഒട്ടാവ- വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനുമാണ് അതിന്റെ അപകടം നേരിടേണ്ടി വരികയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് ഇന്ത്യയില്‍ നിന്നും 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 

ഒരു കനേഡിയന്‍ പൗരന്‍ കാനഡയില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഗവണമെന്റിന്റെ ഏജന്റുമാര്‍ക്കു പങ്കുണ്ടെന്ന വിശ്വസ്തമായ ആരോപണം തുടക്കത്തില്‍ തന്നെ തങ്ങള്‍ ഇന്ത്യയെ അറിയിച്ചിരുന്നതാണെന്നും ഈ വിഷയം ആഴത്തില്‍ പരിശോധിക്കണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം യു. എസ് ഉള്‍പ്പെടെയുള്ള തങ്ങളുടെ സുഹൃദ് രാഷ്ട്രങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണെന്നും ട്രൂഡോ വിശദമാക്കി. 

ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ട വിഷയമാണ് ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര യുദ്ധത്തിന് കാരണമായത്. 

കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ കൂടുതലാണെന്നും എണ്ണം തുല്യമാക്കാന്‍ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ വിയന്ന കണ്‍വന്‍ഷന്‍ ലംഘിച്ചത് ഏറെ നിരാശാജനകമായെന്നും കനേഡിയന്‍ പൗരന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ക്കു പങ്കുണ്ടെന്നു വിശ്വസിക്കാന്‍ തങ്ങള്‍ക്കു മതിയായ കാരണങ്ങളുണ്ടെന്നും ട്രൂഡോ വിശദീകരിച്ചു.

Latest News