ബംഗളൂരു - നെതര്‍ലാന്റ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു. ക്രീസിലിറങ്ങിയ ആറ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അഞ്ചും അര്‍ധ ശതകം പിന്നിട്ടു. രണ്ടു പേര്‍ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. ശ്രേയസ് അയ്യര്‍ (93 പന്തില്‍ 127 നോട്ടൗട്ട്, 6-5, 4-10) നെതര്‍ലാന്റ്‌സിനെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി. തൊട്ടുപിന്നാലെതുടര്‍ച്ചയായ രണ്ട് സിക്‌സറുകളിലൂടെ കെ.എല്‍ രാുഹുലും (64 പന്തില്‍ 102്, 6-4, 4-11) സെഞ്ചുറി തികച്ചു. ലോകകപ്പില്‍ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറിയാണ് രാഹുലിന്റേത് (60 പന്തില്‍). അവസാന പത്തോവറില്‍ 126 റണ്‍സും ലാസ്റ്റ് അഞ്ചോവറില്‍ മാത്രം 76 റണ്‍സും ഇന്ത്യ വാരി
ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (54 പന്തില്‍ 61, 6-2, 4-8), ശുഭ്മന്‍ ഗില്‍ (32 പന്തില്‍ 51, 6-4, 4-3) മുന്‍ നായകന്‍ വിരാട് കോലി (56 പന്തില്‍ 51, 6-1, 4-5) എന്നിവര്‍ അര്‍ധ ശതകം തികച്ചയുടനെ പുറത്തായി.
ഒമ്പത് കളികളില്‍ ഏഴിലും അര്‍ധ ശതകം പിന്നിട്ട വിരാട് കോലി ഗ്രൂപ്പ് ഘട്ടത്തിലെ സൂപ്പര്‍ താരമായി. ഓസ്‌ട്രേലിയക്കെതിരെ 85 (116 പന്തില്‍) അഫ്ഗാനിസ്ഥാനെതിരെ 55 നോട്ടൗട്ട് (56), ബംഗ്ലാദേശിനെതിരെ 103 നോട്ടൗട്ട് (97), ന്യൂസിലാന്റിനെതിരെ 95 (104), ശ്രീലങ്കക്കെതിരെ 88 (94), ദക്ഷിണാഫ്രിക്കക്കെതിരെ 101 നോട്ടൗട്ട് (121), നെതര്‍ലാന്റ്‌സിനെതിരെ 51 (56) എന്നിങ്ങനെയാണ് കോലിയുടെ അര്‍ധ ശതകങ്ങള്‍. ആകെ 594 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡികോക്കിനെക്കാള്‍ മൂന്ന് റണ്‍സ് കൂടുതല്‍.
ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ സൂചന നല്‍കിയതു പോലെ കോച്ച് രാഹുല്‍ ദ്രാവിഡ് ഫസ്റ്റ് ഇലവനെ തന്നെയാണ് നെതര്‍ലാന്റ്‌സിനെതിരായ അപ്രസക്ത മത്സരത്തില്‍ ഇറക്കിയത്.






