ജിദ്ദ മ്യൂസിക് ലവേഴ്‌സിന്റെ ക്ഷണമനുസരിച്ചെത്തിയ പ്രസിദ്ധ ഗായിക മിൻമിനിയുമായി ഒരു കൂടിക്കാഴ്ച
ആലുവ കീഴ്മാട് ഗ്രാമത്തിൽ ആരോരുമറിയാതെ ഒതുങ്ങിക്കഴിഞ്ഞ പി.ജെ. റോസിലിയെന്ന ബാലിക, പാട്ടിന്റെ പകിട്ടിൽ ഇന്ത്യകത്തും പുറത്തും അറിയപ്പെടുന്ന മഹാഗായികയായി ഉയർന്നുവന്ന കഥയാണ് മിൻമിനിയുടേത്. ചിന്ന ചിന്ന ആശൈ, ചിറകടിക്കുമാശൈ.. എന്ന ഒരൊറ്റ പാട്ടിലൂടെ ആസ്വാദക ലക്ഷങ്ങളുടെ മനസ്സിൽ കയറിപ്പറ്റിയ മിൻമിനിയുടെ ജീവിതം, പ്രതിസന്ധികളെ മുറിച്ചുനീന്തിയ ഇതിഹാസ തുല്യമായ, സംഗീത സമർപ്പിതമായ ചരിത്രം കൂടിയാണ്.
പാട്ടിലും പാട്ടുപകരണങ്ങളിലും പക്കമേളങ്ങളിലും ഏറെ കമ്പമുള്ള പി.എ. ജോസഫിന്റെയും തെരേസയുടെയും നാലു പെൺമക്കളിൽ ഏറ്റവും ഇളയവളാണ് റോസിലി. ഹാർമോണിയം വായിക്കുകയും പള്ളികളിൽ ഗാനമാലപിക്കുകയും ചെയ്തിരുന്ന ജോസഫ്, മകളുടെ നാദമാധുര്യം കുഞ്ഞുന്നാളിലേ തിരിച്ചറിയുകയും അവളെ പാട്ടിന്റെ മായിക ലോകത്തേക്ക് ആകർഷിക്കുകയും ചെയ്തു. അയൽവീട്ടിലെ റേഡിയോയിൽ നിന്ന് പാട്ടുകൾ കേട്ട് ഹരംകൊണ്ട കുട്ടിക്കാലം.
ദൈവം തന്ന എല്ലാ നന്മകൾക്കും നന്ദി. ശബ്ദം നഷ്ടപ്പെട്ട് തളർന്നിരുന്ന എനിക്ക് ദൈവം നൽകിയ സമ്മാനമാണ് എന്റെ മകൻ. അവന്റെ മുഖം കണ്ട് കണ്ട് ഞാൻ പതുക്കെ പാടാൻ തുടങ്ങി. കുഞ്ഞുമുഖം നോക്കി പാടുമ്പോൾ അലൻമോൻ ഉറങ്ങാതെ കണ്ണ് തുറന്ന് ചിരിച്ച് കിടക്കും. പാടിപ്പാടി ഞാൻ തളരുമ്പോൾ കുഞ്ഞ് അലൻ തന്നെ പാടി ഉറങ്ങും. ഇരുപത് വർഷങ്ങൾക്ക് ശേഷം എന്റെ മകനോടൊപ്പം പാടാൻ ദൈവം തന്ന അവസരം. സന്തോഷം കൊണ്ട് എന്റെ കണ്ണ് നനയുന്നു. എന്നെ സ്‌നേഹിക്കുന്ന, എന്റെ ശബ്ദത്തെ സ്‌നേഹിക്കുന്ന നിങ്ങളെല്ലാവരും എന്റെ മകനെയും അവന്റെ കഴിവുകളെയും പ്രോത്സാഹിപ്പിച്ച് അവനെ അനുഗ്രഹിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ആലുവ സെന്റ് ഫ്രാൻസിസ് സ്‌കൂളിലും സെന്റ് സേവ്യേഴ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് പാട്ടിൽ ഏറെ താൽപര്യം കാണിച്ച റോസിലി സ്‌കൂളിലെ എല്ലാ ഗാന മൽസരങ്ങളിലും പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. സ്വരസൗഭാഗ്യം ആ കുട്ടിയെ പാട്ടിന്റെ ലോകത്ത് വേറിട്ടൊരു കൊച്ചുഗായികയാക്കി മാറ്റുകയായിരുന്നു. കളമശ്ശേരി ഇന്ത്യൻ അലുമിനിയം കമ്പനിയിലായിരുന്നു ജോസഫിന് ജോലി. ജോലി സമയം കഴിഞ്ഞാൽ സദാ പാട്ടിന്റെ ലോകത്തായിരിക്കും അദ്ദേഹം. സ്‌കൂൾ യുവജനോൽസവങ്ങളിൽ ഗാനാലാപന മൽസരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വിജയഭാവത്തിൽ വരുന്ന മകളെ ആ അച്ഛൻ ആനന്ദക്കണ്ണീരോടെ സ്വീകരിച്ചു. ആലുവ എച്ച്.സി ക്ലബ്ബ് വാർഷികാഘോഷത്തിൽ ആലപിച്ച കുഞ്ഞു റോസിലിയുടെ ഗാനം ഏറെ ശ്രദ്ധേയമായി. നാട്ടിലെ കലാസ്‌നേഹികളുടെ പ്രേരണയാൽ തൃപ്പൂണിത്തുറ എൽ.വി മ്യൂസിക് അക്കാദമിയിൽ സംഗീത പഠനത്തിന് ചേർന്നു. കർണാടക സംഗീതത്തിന്റെ ചില ബാലപാഠങ്ങൾ സ്വായത്തമാക്കിയെങ്കിലും അവിടെ പഠനം മുഴുമിപ്പിക്കാനായില്ല. എങ്കിലും നാദോപാസന തുടർന്നു. റോസിലിയുടെ സംഗീത വൈഭവം ചെറുപ്പം തൊട്ടേ തിരിച്ചറിഞ്ഞ കീഴ്മാട് ഗ്രാമം ഒന്നാകെ അവളെ ഏറ്റെടുക്കുകയായിരുന്നു. നാട്ടിലും അയൽഗ്രാമങ്ങളിലുമെല്ലാം ഗാനമേളകളിൽ റോസിലിയുടെ സ്വരം വേറിട്ടു നിന്നു. ആളുകൾ അവളെ കരഘോഷത്തോടെ വരവേറ്റു.
മിൻമിനി, മിർസാ ഷെരീഫ്
സംസ്ഥാന സ്‌കൂൾതല മൽസരങ്ങളിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം റോസിലിയെത്തേടിയെത്തി. ഈ സമയത്താണ് കൊച്ചിൻ ആർട്ട് ആന്റ് കമ്യൂണിക്കേഷനിലെ (സി.എ.സി) കലാകാരന്മാരായ 'ജോബ് ആന്റ് ജോർജു'മാരെ പരിചയപ്പെടുന്നത്. ആ അടുപ്പം തന്റെ സംഗീത ജീവിതത്തെ ഇവ്വിധം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചതായി ഈ ഗായിക പറയുന്നു. സി.എ.സി ട്രൂപ്പിലെ റെക്കോർഡിംഗിന്റെ ലോകം അദ്ഭുതങ്ങളുടെ പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് പകർന്നത്. 1984 ലാണിത്. കെ. രാഘവൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, ചിദംബരനാഥ്, ജെറി അമൽദേവ്, മലേഷ്യാ വാസുദേവൻ തുടങ്ങിയ മഹാപ്രതിഭകളുടെ ശിഷ്യത്വം സ്വീകരിച്ചുള്ള പാട്ട് റെക്കോർഡിംഗ്. ജന്മസിദ്ധമായ സിദ്ധിയുടെ തിരിച്ചറിവിന് ഈ സംഗമങ്ങളത്രയും നിമിത്തമായി. പുതിയൊരു കോകില നാദത്തിന്റെ ഉദയം. മിൻമിനിയുടെ പഞ്ചമസ്വരസാധന കേരളം മാത്രമല്ല, ദക്ഷിണേന്ത്യയാകെ ശ്രദ്ധിക്കുകയായിരുന്നു.
- എല്ലാം ഭാഗ്യമാണ്, ദൈവ കൃപയാണ്.. പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞുനോക്കി അവർ പറഞ്ഞു.
മിൻമിനിയെ ജിദ്ദ മ്യൂസിക് ലവേഴ്‌സിനു വേണ്ടി ഉണ്ണീൻ പുലാക്കലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. ഗായകൻ നിസാം അലി, ജ്യോതി,
അഷ്‌റഫ് ചുക്കൻ എന്നിവർ സമീപം
കീബോർഡിസ്റ്റ് ലിപ്സ്റ്റൺ, ദീപക്‌ദേവിന്റെ ഭാര്യാമാതാവ് കൂടിയായ സംഗീതജ്ഞ രേണുക തുടങ്ങി നിരവധിയാളുകൾ മിൻമിനിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. ആദ്യമായി റെക്കാർഡ് ചെയ്തത് മാപ്പിളപ്പാട്ടായിരുന്നു. ആ പാട്ടിന്റെ വരികൾ അവർ മൂളി: 'മാണിക്യത്തേരിലേറി മണവാളൻ വര്ണല്ലോ..' തുടർന്ന് നിരവധി നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ, ലളിതഗാനങ്ങൾ.
1984 ലെ ആദ്യ റെക്കോർഡിംഗ് തൊട്ട് 1991 വരെയുള്ള ഏഴു വർഷങ്ങൾ മിൻമിനിയുടെ ഗാനാലാപനത്തിന്റെ പൂക്കാലമായിരുന്നു. തിരക്കോട് തിരക്ക്. കേരളത്തിനകത്തും പുറത്തും ഗാനമേളകൾ, കലാഭവനു വേണ്ടിയും ബ്ലൂഡയമണ്ട്‌സിനു വേണ്ടിയുമെല്ലാം പാട്ടുകൾ. കേരളത്തിലെ എല്ലാ ജില്ലകളിലും പാടി. മുംബൈയിലും ദൽഹിയിലും പാടി. കെ.ജി. മാർക്കോസ്, ജോളി അബ്രഹാം തുടങ്ങിയവരോടൊപ്പമുള്ള ഡ്യുവറ്റുകളും ശ്രദ്ധേയമായി. ബ്ലൂ ഡയമണ്ട്‌സിലെ പാട്ടുവേളകളിൽ, ഇപ്പോൾ ജിദ്ദയിലുള്ള പ്രശസ്ത ഗായകൻ മിർസാ ഷെരീഫിനോടൊപ്പവും മിൻമിനി പാടി. ഇരുവരും ആ പാട്ടുകൾ വീണ്ടും ആലപിച്ചു കേൾപ്പിച്ചപ്പോൾ കാലം പതിറ്റാണ്ടുകൾക്ക് പിന്നിൽ നിന്ന് തല നീട്ടി. ഇപ്പോഴും പക്ഷേ ശബ്ദത്തിന് ഇടർച്ചയില്ല. അതേ സ്വരം, അതേ ഭാവം..
കാസറ്റുകളുടെ കാലമായിരുന്നു അത്. പ്രശസ്തമായ നിരവധി കാസറ്റ് കമ്പനികൾക്ക് വേണ്ടി മിൻമിനി പാടി. പി. ജയചന്ദ്രൻ എന്ന മലയാളത്തിന്റെ മഹാഗായകനുമായുളള സൗഹൃദമാണ് മിൻമിനിയെ ചലച്ചിത്രപിന്നണി ഗാനലോകത്തേക്കുള്ള വരവിന് സഹായിച്ചത്. 1988 ൽ സ്വാഗതം എന്ന വേണു നാഗവള്ളിയുടെ സിനിമയിൽ രാജാമണിയുടെ സംഗീത സംവിധാനത്തിൽ മിൻമിനി പാടി: അക്കരെ നിന്നൊരു കൊട്ടാരം, കപ്പല് പോലെ വരുന്നേരം.. ഇത് വളരെപ്പെട്ടെന്ന് ഹിറ്റായി.
ജെറി അമൽദേവിന്റെ ഗാനമേള പാലക്കാട്ട് നടക്കുമ്പോഴാണ് നടനും ഗായകനുമായ കൃഷ്ണചന്ദ്രൻ മിൻമിനിയോടും ഒപ്പമുണ്ടായിരുന്ന അച്ഛനോടും പറഞ്ഞത്, ഇളയരാജ അന്വേഷിക്കുന്നുണ്ടെന്ന്. ഇളയരാജ എന്ന പേര് കേട്ടിരുന്നുവെങ്കിലും പ്രശസ്തരായ ഗാനപ്രതിഭകളെയൊന്നും മിൻമിനിക്ക് നേരിട്ട് അറിയുമായിരുന്നില്ല. ആരുടെ മുമ്പിലും വലിപ്പച്ചെറുപ്പം നോക്കാതെ പാടുക.. അതായിരുന്നു രീതി. സംഗീത സംവിധായകരുടെയൊക്കെ മഹത്വം അന്ന് തിരിച്ചറിയാത്തതുകൊണ്ടാണ് അനായാസം പാടാൻ സാധിച്ചതെന്നും ഇല്ലെങ്കിൽ പരിഭ്രമത്താൽ പാട്ട് മുഴുമിക്കാനാവില്ലെന്നും മിൻമിനി പറയുന്നു.
നിരന്തരം റിഹേഴ്‌സൽ ചെയ്തിട്ടേ സ്റ്റേജിൽ കയറുകയുള്ളൂ. ജയചന്ദ്രനാകണം, ഈ സ്വരം തിരിച്ചറിഞ്ഞ്, ഇളയരാജയോട് തന്നെ ശുപാർശ ചെയ്തതെന്ന കാര്യം വളരെ കാലം കഴിഞ്ഞാണ് മിൻമിനി തിരിച്ചറിഞ്ഞത്. അച്ഛനോടൊപ്പം മദ്രാസിലേക്കുള്ള യാത്ര. ജെറി അമൽദേവ്, ജോബ്, ജോർജ് തുടങ്ങി ഗുരുമുഖത്ത് നിന്നുള്ള അനുഗ്രഹവുമായി ചെന്നൈയിലെത്തി ഇളയരാജയെ കണ്ടു. ഇതിനകം മിൻമിനിയുടെ പാട്ടുകൾ കാസറ്റിലൂടെ കേട്ടിരുന്ന ഇളയരാജ, ഒരു മകളോടെന്ന പോലെ ഏറെ വാൽസല്യത്തോടെയാണ് മിൻമിനിയെ സ്വീകരിച്ചത്. (റോസിലിയെന്ന മിനിയെ മിൻമിനിയായി പുനർനാമകരണം ചെയ്തത് ഇളയരാജയാണ്). ഇളയരാജയുടെ വീട്ടിൽ താമസിച്ച് പാട്ട് പഠിക്കാനും കൂടുതൽ അവസരങ്ങൾ തേടാനുമുള്ള ക്ഷണം ലഭിച്ചതോടെ മിൻമിനിയും പിതാവും ഏറെ തൃപ്തരായി. താമസം ഇളയരാജയുടെ വീട്ടിലല്ലായിരുന്നുവെങ്കിലും ചെന്നൈയിൽ തന്നെ തൽക്കാലം സ്ഥിരമായി നിന്നു. മൽസരങ്ങളുടെ ലോകമാണ് കലാകാരന്മാരുടേത്. ഈ രംഗത്ത് പിടിച്ചുനിൽക്കുകയെന്നത് ക്ലേശകരമാണ്. പക്ഷേ സ്വരവൈഭവവും സ്വഭാവ നൈർമല്യവുമാണ് മിൻമിനിയെ മലയാളത്തിന്റെയും തമിഴിന്റെയും തെലുങ്കിന്റെയും പ്രിയഗായികയാക്കി മാറ്റിയത്. അതിനു നിമിത്തമായതാകട്ടെ, ഇളയരാജയുടെ ഇടപെടലുകളും. കീരവാണിയുമായി പരിചയപ്പെട്ടതാണ് തെലുങ്കിലേക്കുള്ള എൻട്രി സാധ്യമാക്കിയത്. 'മീര' എന്ന തമിഴ് സിനിമയിലെ അഞ്ചു പാട്ടുകളും ഇളയരാജ മിൻമിനിയെക്കൊണ്ട് പാടിച്ചു. പിള്ളൈവാദം, ഓ ബട്ടർഫ്‌ളൈ തുടങ്ങിയ എല്ലാ പാട്ടുകളും ഹിറ്റായി. ചെന്നൈയിലെ വൻകിട സ്റ്റുഡിയോകളിലെ റെക്കോർഡിംഗ് റൂമിന്റെ ശീതീകരിച്ച ക്യൂബിക്കിളിലിരുന്ന് പാട്ടുകളുടെ അദ്ഭുത ലോകത്തെ കൊച്ചുരാജകുമാരിയായി മാറിയ മിൻമിനിയെ പി. സുശീല, എസ്. ജാനകി, മാധുരി, ചിത്ര തുടങ്ങിയവരൊക്കെ സ്‌നേഹവാൽസല്യങ്ങളോടെ ഏറെ പ്രോൽസാഹിപ്പിച്ചു.
എ.ആർ. റഹ്മാൻ, മിൻമിനി, സുജാത- ചിന്ന ചിന്ന ആശൈയുടെ റെക്കോർഡിംഗ് വേളയിൽ
ഒരു നാൾ എ.വി.എം റെക്കോർഡിംഗ് റൂമിന്റെ വാതിൽ തുറന്നു ചെന്നപ്പോഴാണ് അകത്തെ ചില്ലുവാതിലിനപ്പുറത്ത് ഇയർഫോൺ വെച്ച് പാടുന്ന ഇന്ത്യൻ സംഗീത നഭസ്സിലെ നക്ഷത്രം ആശാഭോസ്‌ലെയെ കണ്ടത്. വിസ്മയം കൊണ്ട് വാ പൊളിച്ച മിൻമിനിയെ റെക്കോർഡിംഗിനു ശേഷം ആശ അടുത്ത് വിളിച്ചതും സൗഹൃദം പങ്കിട്ടതും മറക്കാനാവാത്ത ഓർമ. ഇന്ത്യയുടെ സംഗീത ചക്രവർത്തിനി ലത മങ്കേഷ്‌കറെ മുംബൈയിൽ വെച്ച് കണ്ടതും സ്‌നേഹാദരം കൈമാറിയതും മറ്റൊരു സുഖകരമായ ഓർമയായി മിൻമിനിയുടെ മനസ്സിലുണ്ട്. ദളപതിയുടെ റെക്കോർഡിംഗിന് മുംബൈയിൽ കോറസ് പാടാൻ ഗായിക സ്വർണലതയോടൊപ്പം പോയപ്പോഴാണ് ലതാജിയെ കണ്ടത്. ദളപതിയിലെ യമുനയാറ്റിലെ.. എന്ന പാട്ട് ഏറെ പ്രസിദ്ധമായി. ഹിന്ദി ഗാനലോകത്ത് അന്യൂനമായ നാദത്തിനുടമയായ ഭൂപീന്ദറിനും പത്‌നി മിത്താലിക്കുമൊപ്പം പാടാനും മിൻമിനിക്ക് അവസരം കിട്ടി. ഊഞ്ഞാലുറങ്ങി, നീലരാവിൽ തുടങ്ങിയ മലയാള ഗാനങ്ങളും എങ്ക തമ്പി, കറുത്തമ്മ, തേവർമകൻ തുടങ്ങിയ തമിഴ് സിനിമകളിലെ പാട്ടും മിൻമിനിയുടെ ക്രെഡിറ്റിലുണ്ട്. ഗോപിസുന്ദറിനെ ഈയവസരത്തിൽ സ്‌നേഹത്തോടെ ഗായിക ഓർക്കുന്നു.
'കിഴക്കുണരും പക്ഷി' എന്ന ചിത്രത്തിലെ 'സൗപർണികാമൃതവീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ..' എന്ന ഗാനം മലയാളികളുടെ മനസ്സിലും മിൻമിനിയുടെ യശസ്സുയർത്തി. മലയാളത്തിനും തമിഴിനും തെലുങ്കിനും പുറമെ ഹിന്ദിയിലും ഒറിയയിലുമുൾപ്പെടെ ഏഴു ഭാഷകളിൽ പാടാൻ അവർക്ക് ഏറെ അവസരങ്ങൾ കൈവന്നു. എ.ആർ. റഹ്മാനെ ബാല്യം തൊട്ടേ അറിയുന്ന മിൻമിനിക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ റോജ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം ലഭിച്ചത് പിൽക്കാലത്ത് ഏറ്റവും പ്രചാരമുള്ള ഒരു പാട്ടിന്റെ പിറവിയിലേക്കുള്ള സുവർണ വാതായനം കൂടിയായി മാറി. ചിന്ന ചിന്ന ആശൈ, ചിറകടിക്കുമാശൈ, മുത്തു മുത്തു ആശൈ, മുടിന്തുവൈത്ത ആശൈ.. ഈ പാട്ട് സംഗീത സംവിധായകൻ എ.ആർ. റഹ്മാന് എന്നത് പോലെ മിൻമ ഈ പാട്ടിന് തമിഴ്‌നാട് സർക്കാരിന്റേതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. റോജയുടെ സംവിധായകൻ മണിരത്‌നത്തിന്റെയും പാട്ടെഴുതിയ വൈരമുത്തുവിന്റെയും തൊപ്പിയിലെ തൂവലുകൾ കൂടിയായി ചിന്ന ചിന്ന ആശൈ. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തപ്പോഴും മിൻമിനി തന്നെ പാടി: ഛോട്ടീ സീ ആശ...
ഇന്ത്യൻ കോൺസുലേറ്റിൽ ജിദ്ദ മ്യൂസിക് ലവേഴ്‌സ് പ്രോഗ്രാമിൽ മിൻമിനി, നൂഹ് ബീമാപള്ളി എന്നിവർ പാടുന്നു.
ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടതോടെ ലോകമെങ്ങുമുള്ള സംഗീതപ്രേമികൾ മിൻമിനിയെ വിവിധ രാജ്യങ്ങളിലേക്ക് ഗാനമേളക്കായി ക്ഷണിച്ചു. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും ഗൾഫിലും അമേരിക്കയിലും സിംഗപ്പൂരിലുമെല്ലാം മിൻമിനിയുടെ ഗാനമേളകൾ. കൃതഹസ്തയായ ഒരു കലാകാരിയുടെ ജന്മം സഫലമാകാൻ ഇതിൽപരം മറ്റെന്ത് വേണം?
പക്ഷേ വിധി മറ്റൊരു ദൗർഭാഗ്യം ഈ മഹാഗായികയ്ക്കായി കരുതിവെച്ചിരുന്നു. 1993 ലെ ശൈത്യകാലത്ത് മാഞ്ചസ്റ്ററിൽ ആയിരങ്ങൾ പങ്കെടുത്ത വൻതാര നിശയുടെ വേദിയിലേക്ക് കുരിശ് വരച്ച് കയറി മൈക്കിനു മുമ്പിൽ നിന്ന് മുരടനക്കവേ, മിൻമിനിയുടെ ശബ്ദം പുറത്ത് വന്നില്ല. എത്ര ശ്രമിച്ചിട്ടും ഒച്ചയടഞ്ഞത് പോലെ. നിശ്ചലമായ നാവ്. സ്വരം നിലച്ചിരിക്കുന്നു. പാട്ട് മൂളാൻ മാത്രമല്ല, ഒന്നും പറയാനുമാകുന്നില്ല. ഒരു പാട്ടുകാരിയുടെ ജീവിതത്തിലെ ഏറ്റവും ശപ്തമായ നിമിഷങ്ങൾ. എല്ലാ അർഥത്തിലും തളർന്നുപോയി. താഴെ വീണില്ല എന്നേയുള്ളൂ. വേദിയിൽ നിന്ന് വേദനയോടെ മിൻമിനി പിന്മാറി. നടി ഗൗതമിയുൾപ്പെടെയുള്ളവരെ വെച്ച് താരനിശ തുടർന്നു. ദുരനുഭവങ്ങളുടെ ദുസ്സഹമായ അവസ്ഥ മുറിച്ചുകടക്കാനാകാതെ, ശബ്ദമില്ലാതെ കരഞ്ഞ് തളർന്ന് അവർ നാട്ടിലേക്ക് മടങ്ങി. മൗനത്തിന്റെയും ചികിൽസകളുടെയും കാലമായിരുന്നു പിന്നീട്. ആടിപ്പാടി അർമാദിച്ചു നടന്ന ജീവിതം പൊടുന്നനവെ, ഒച്ചയില്ലാത്ത ലോകത്തേക്ക് ഉൾവലിഞ്ഞുപോയി. നീണ്ട രണ്ടു വർഷത്തെ നിശ്ശബ്ദതയുടെ ലോകം. രാഗങ്ങളുടെ പറവകൾ ചിറകൊടിഞ്ഞ് വീണു.
അദ്ഭുതങ്ങൾ പക്ഷേ വരാനിരിക്കുകയായിരുന്നു. കർത്താവിന് സ്തുതി. 1995 ൽ മിൻമിനിയുടെ ശബ്ദം തിരികെക്കിട്ടി. ഒരു ഫീനിക്‌സ് പക്ഷിയുടെ പഞ്ചമസ്വരം കേട്ടു. ഉയിർത്തെഴുന്നേൽപിന്റെ ഉദ്വേഗം. മിൻമിനിയെന്ന ഗായികയുടെ രണ്ടാം ജന്മം. കൺമണിയേ എന്ന പാട്ടുമായി, ആലാപനത്തിലെ ഇരട്ടിമധുരവുമായി അവർ വന്നു. മേജോ ജോസഫിന്റെ തെലുങ്ക് പടത്തിലൂടെയായിരുന്നു രണ്ടാം വരവ്. തന്നെ താനാക്കിയ ജ്യേഷ്ഠതുല്യനായ ഗായകൻ പി. ജയചന്ദ്രനോടൊപ്പമായിരുന്നു ആ ഡ്യുവറ്റ് പൂർവാധികം ശബ്ദസൗഭാഗ്യത്തോടെ മിൻമിനി പാടിയത്. ശബ്ദം തിരിച്ചുകിട്ടിയിട്ടും ചിലരെങ്കിലും തിരസ്‌കരിച്ചുവോ എന്ന് നൊമ്പരം കൊള്ളുന്നതിനിടെ ജയചന്ദ്രന്റെയും ദീപക് ദേവിന്റെയും ക്ഷണം കിട്ടിയതോടെയാണ് വീണ്ടും മൈക്കിനു മുമ്പിലെത്തിയത്- ഇരുവർക്കും നന്ദി. ഇത് പറയുമ്പോൾ മിൻമിനിയുടെ മിഴികളിൽ നിറഞ്ഞ നനവ് ഞാൻ കണ്ടു.
കാക്കനാട് കേന്ദ്രമാക്കി ഭർത്താവുമൊത്ത് ജോയ്‌സ് അക്കാദമി ഓഫ് പെർഫോമിംഗ് ആർട്‌സ് എന്ന സ്ഥാപനം നടത്തുന്ന മിൻമിനി പുതിയ തലമുറയിലെ സംഗീത പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. മക്കളായ അലൻ ജോയ് മാത്യുവും അന്ന കീർത്തനയും മികച്ച സംഗീതജ്ഞരാണ്.