ടോട്ടനത്തെ മറികടന്ന് ആഴ്‌സനല്‍ രണ്ടാമത്

വുള്‍വര്‍ഹാംപ്റ്റന്‍ - ബേണ്‍ലിയെ 3-1 ന് തകര്‍ത്ത് ആഴ്‌സനല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അവര്‍ 27 പോയന്റുണ്ട്. എന്നാല്‍ നാളെ ചെല്‍സിയെ തോല്‍പിച്ചാല്‍ സിറ്റിക്ക് ലീഡ് മൂന്നു പോയന്റായി ഉയര്‍ത്താന്‍ അവസരമുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0 ന് സ്ഥാനക്കയറ്റം നേടിയ ലൂടനെ മറികടന്നു. ആറാം സ്ഥാനത്താണ് യുനൈറ്റഡ്. 
ടോട്ടനം അപ്രതീക്ഷിതമായി തോറ്റതാണ് ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ഗുണം ചെയ്തത്. അജയ്യരായി മുന്നേറിയ ടോട്ടനം തുടര്‍ച്ചയായ രണ്ടാം മത്സരമാണ് തോറ്റത്. ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളടിച്ച വുള്‍വര്‍ഹാംപ്റ്റനാണ് 2-1 ന് ടോട്ടനത്തെ നാടകീയമായി കീഴടക്കിയത്. മൂന്നാം മിനിറ്റില്‍ തന്നെ ബ്രെന്നന്‍ ജോണ്‍സണ്‍ നേടിയ ഗോളില്‍ അവസാനം വരെ ലീഡ് ചെയ്യുകയായിരുന്നു ടോട്ടനം. 91ാം മിനിറ്റില്‍ പാബ്‌ലൊ സരാബിയ സ്‌കോര്‍ തുല്യമാക്കി. 97ാം മിനിറ്റില്‍ മാരിയൊ ലെമീന വിജയ ഗോളടിച്ചു. ജയിച്ചിരുന്നുവെങ്കില്‍ ടോട്ടനത്തിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമായിരുന്നു. ആദ്യ പത്തു കളികളിലും ടോട്ടനം അജയ്യരായി മുന്നേറുകയായിരുന്നു. സിറ്റി അവരുടെ മത്സരം കളിക്കാനിരിക്കെ ഒരു പോയന്റ് പിന്നിലാണ് ടോട്ടനം. കഴിഞ്ഞ കളിയില്‍ രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ചെല്‍സിയോട് അവര്‍ 1-4 ന് തോറ്റിരുന്നു.
 

Latest News