ബംഗളൂരുവില്‍ ബംബര്‍ ദീപാവലി, കോലി റെക്കോര്‍ഡ് തകര്‍ക്കുമോ? 

ബംഗളൂരു - അപരാജിതായി ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കാന്‍ ആതിഥേയരായ ഇന്ത്യ നാളെ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും അട്ടിമറിച്ച നെതര്‍ലാന്റ്‌സുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. മഹാദ്ഭുതം സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയുടെ നീലയില്‍ ഡച്ചിന്റെ ഓറഞ്ച് മഞ്ഞളിഞ്ഞു പോവാനാണ് സാധ്യത. ഇന്ത്യന്‍ ടീമിനെ കാര്യമായി പരീക്ഷിക്കാന്‍ ഒരു ടീമിനും സാധിച്ചില്ല. കാര്യമായ വെല്ലുവിളിയുയര്‍ത്തുമെന്നു കരുതിയ ദക്ഷിണാഫ്രിക്ക പോലും ഇന്ത്യന്‍ കുതിപ്പില്‍ ചതഞ്ഞരഞ്ഞു. 
ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലരായ ടീമിനെതിരെ കളിക്കുമ്പോള്‍ പ്രമുഖ കളിക്കാര്‍ക്ക് വിശ്രമം നല്‍കാനുള്ള അവസരമാണ് ഇന്ത്യക്ക്. എ്ന്നാല്‍ സെമിഫൈനലിന് മുമ്പ് പരീക്ഷണത്തിനില്ലെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡ് പറയുന്നത്. എങ്കിലും ജസ്പ്രീത് ബുംറക്കും കുല്‍ദീപ് യാദവിനും വിശ്രമം നല്‍കുന്ന കാര്യം ടീം പരിഗമിക്കും. എങ്കില്‍ ആര്‍. അശ്വിനും പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരിലൊരാളും പ്ലേയിംഗ് ഇലവനിലെത്തും. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ടീമിലെത്തിയ പ്രസിദ്ധ് ഇതുവരെ ലോകകപ്പില്‍ കളിച്ചിട്ടില്ല. അശ്വിന്റെ ഒരേയൊരു കളി ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. 

സെഞ്ചുറിയുടെ അര്‍ധ സെഞ്ചുറി
അമ്പതാം സെഞ്ചുറിയോടെ സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള സുവര്‍ണാവസരമാണ് വിരാട് കോലിക്ക് ഈ മത്സരം പ്രദാനം ചെയ്യുക. ഡച്ചിനെതിരെ റെക്കോര്‍ഡ് നേടി ബഹളം അവസാനിപ്പിച്ചാല്‍ സെമിയില്‍ കിവീസിനെതിരെ കളിയില്‍ ശ്രദ്ധിക്കാമെന്നാവും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. 
ലോകകപ്പിന് മുമ്പ് ഇന്ത്യ സന്നാഹ മത്സരം കളിക്കേണ്ടിയിരുന്നത് നെതര്‍ലാന്റ്‌സുമായാണ്, തിരുവനന്തപുരത്ത്. മഴ കാരണം ഒരു പന്ത് പോലും എറിയാനായില്ല. ലോകകപ്പിനായി ഏറ്റവും ആദ്യമായി എത്തിയ ടീമായ ഡച്ചിന് ആതിഥേയരെ നേരിടാന്‍ മറ്റൊരവസരമാണ് കൈവന്നിരിക്കുന്നത്. 
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇത്. ഓസ്‌ട്രേലിയ 367 റണ്‍സും ന്യൂസിലാന്റ് 401 റണ്‍സും സ്‌കോര്‍ ചെയ്ത പിച്ചില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണമെന്നായിരിക്കും കാണികളുടെ ആഗ്രഹം.
ഇന്ത്യയും നെതര്‍ലാന്റ്‌സും രണ്ട് തവണ ലോകകപ്പില്‍ ഏറ്റുമുട്ടിയിണ്ട്. 2003 ല്‍ ഇന്ത്യ ജയിച്ചെങ്കിലും ബാസ് ഡി ലീഡെ ആയിരുന്നു മാന്‍ ഓഫ് ദ മാച്ച. അദ്ദേഹത്തിന്റെ മകന്‍ ടീം ഡി ലീഡെ ഇത്തവണ ഡച്ച് ടീമിലുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാരനായ റുലോഫ് വാന്‍ഡര്‍മെര്‍വ് ഒഴികെ ഒരു ഡച്ച് ബൗളറും ഇപ്പോഴത്തെ ഇന്ത്യന്‍ കളിക്കാര്‍ക്ക് ബൗള്‍ ചെയ്തിട്ടില്ല. 2008 ലെ അണ്ടര്‍-19 ലോകകപ്പില്‍ കോലിയും രവീന്ദ്ര ജദേജയുമുള്‍പ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ ദക്ഷിണാഫ്രിക്കക്കു വേണ്ടി സൈബ്രാന്റ് എംഗല്‍ബ്രെറ്റ് കളിച്ചിട്ടുണ്ട്. 
ഈ ലോകകപ്പില്‍ ഏറ്റവുമധികം വേദികളില്‍ കളിച്ച ടീമാണ് ഇന്ത്യ. പന്ത്രണ്ടായിരം കിലോമീറ്ററാണ് ടീം സഞ്ചരിച്ചത്. എല്ലാ വേദികളിലും ടീം മനോഹരമായ ക്രിക്കറ്റാണ് കാഴ്ചവെച്ചതെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 

Latest News