സെമി ഫൈനല്‍
ഇന്ത്യ x ന്യൂസിലാന്റ്
ബുധന്‍, മുംബൈ
ഓസ്‌ട്രേലിയ x ദക്ഷിണാഫ്രിക്ക
വ്യാഴം, കൊല്‍ക്കത്ത
മുംബൈ - തുടര്‍ച്ചയായി അഞ്ചാം തവണ ന്യൂസിലാന്റ് ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിലെത്തി. 2007 മുതല്‍ ന്യൂസിലാന്റ് ഇല്ലാതെ സെമിഫൈനല്‍ അരങ്ങേറിയിട്ടില്ല. ഒമ്പതാം തവണയാണ് ന്യൂസിലാന്റ് സെമിഫൈനലിലെത്തുന്നത്. മറ്റൊരു ടീമിനും സാധിക്കാത്ത നേട്ടമാണ് ഇത്. എന്നാല്‍ അവര്‍ക്ക് ഒരിക്കലും കിരീടമുയര്‍ത്താനായിട്ടില്ല. രണ്ടു തവണ മാത്രമാണ് ഫൈനലിലേക്ക് മുന്നേറിയത്, 2015 ലും 2019 ലും.
കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെതിരെ കൂടുതല്‍ ബൗണ്ടറി അടിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ചാമ്പ്യന്മാരാവാമായിരുന്നു. അമ്പതോവര്‍ മത്സരവും സൂപ്പര്‍ ഓവറും ടൈയായ ആ മത്സരത്തില്‍ ബൗണ്ടറി കണക്കാക്കിയാണ് കിരീടം നിശ്ചയിച്ചത്.
1975 ലെ പ്രഥമ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനോട് അവര്‍ സെമിയില്‍ തോല്‍ക്കുകയായിരുന്നു. നാലു വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിനോട് അവസാന നാലില്‍ തോറ്റു. 1983 ല്‍ റണ്‍റെയ്റ്റില്‍ അവര്‍ക്ക് സെമിഫൈനല്‍ സ്ഥാനം നഷ്ടപ്പെട്ടു. 1987 ലും സെമിയിലെത്താനായില്ല. എല്ലാ ടീമുകളും പരസ്പരം മത്സരിച്ച 1991 ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്റ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ സെമിയില്‍ പാക്കിസ്ഥാനോട് തോറ്റു. നാലു വര്‍ഷത്തിനു ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ മുട്ടുമടക്കി. 1999 ല്‍ പാക്കിസ്ഥാനാണ് സെമിയില്‍ അവരെ തോല്‍പിച്ചത്. 2003 ല്‍ സൂപ്പര്‍ സിക്‌സില്‍ തോറ്റു.
2007 ലും 2011 ലും ശ്രീലങ്കയും സെമിയില്‍ തോല്‍പിച്ചു. 2015 ല്‍ ഓസ്‌ട്രേലിയയോട് ഫൈനലില്‍ തോറ്റു. അവര്‍ക്ക് സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്ന, തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യയെ മറികടക്കുക ഭഗീരഥ യത്‌നമാവും. എന്നാല്‍ 2019 ല്‍ മഴ കാരണം രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയായ കളിയില്‍ അവര്‍ ഇന്ത്യയെ തോല്‍പിച്ചിട്ടുണ്ട്.






