ജക്കാര്‍ത്ത - ഇന്തോനേഷ്യയില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലും അര്‍ജന്റീനയും തോറ്റു. ഇറാനാണ് രണ്ടു ഗോളിന് പിന്നിലായ ശേഷം ബ്രസീലിനെ 3-2 ന് തോല്‍പിച്ചത്. അര്‍ജന്റീനയെ സെനഗാല്‍ 2-1 ന് കീഴടക്കി.
ഇറാനെതിരെ ജക്കാര്‍ത്ത ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഇരുപത്തെട്ടാം മിനിറ്റില്‍ റയാനിലൂടെ ബ്രസീല്‍ ലീഡ് നേടിയിരുന്നു. ഇടവേള കഴിഞ്ഞയുടനെ അബുല്‍ഫസല്‍ സമാനിയുടെ സെല്‍ഫ് ഗോള്‍ ബ്രസീലിന്റെ ലീഡ് വര്‍ധിപ്പിച്ചു. ഇരട്ടപ്രഹരം ഇറാനെ തളര്‍ത്തിയില്ല. യാഖുബ് ബരാഗെയും (54ാം മിനിറ്റ്) കസ്‌റ താഹിരിയും (69) ഇസ്മായില്‍ ഗുലിസാദയും (73) പത്തൊമ്പത് മിനിറ്റ് ഇടവേലയില്‍ മൂന്നു തവണ ബ്രസീല്‍ വല കുലുക്കി.
അര്‍ജന്റീനക്കെതിരെ ആദ്യ പകുതിയുടെ 6, 38 മിനിറ്റുകളില്‍ അമാറ ദിയൂഫാണ് സെനഗാലിന്റെ ഗോളടിച്ചത്. ഇഞ്ചുറി ടൈമില്‍ അഗസ്റ്റിന്‍ റൂബര്‍ടൊ ഒരു ഗോള്‍ മടക്കി.
ന്യൂകാലിഡോണിയയെ ഇംഗ്ലണ്ട് മറുപടിയില്ലാത്ത 10 ഗോളിന് തകര്‍ത്തു. 10 കളിക്കാരാണ് 10 ഗോളടിച്ചത്. ഒമ്പത് ഇംഗ്ലണ്ട് താരങ്ങള്‍ ലക്ഷ്യം കണ്ടു. എട്ടാമത്തെ ഗോള്‍ ന്യൂകാലിഡോണിയയുടെ വദരിയ ഹാനിയെയുടെ സംഭാവനയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ന്യൂകാലിഡോണിയയുടെ നൊഹലാന്‍ അലെബയ്റ്റ് ചുവപ്പ് കാര്‍ഡ് കണ്ടു. ജപ്പാന്‍ 1-0 ന് പോളണ്ടിനെ തോല്‍പിച്ചു.






