പൂനെ - മിച്ചല്‍ മാര്‍ഷ് 132 പന്തില്‍ പുറത്താവാതെ 177 റണ്‍സടിച്ചതോടെ ബംഗ്ലാദേശിന്റെ വമ്പന്‍ സ്കോര്‍ അനായാസം മറികടന്ന് ഓസ്ട്രേലിയ ലോകകപ്പിന്റെ സെമിഫൈനലിന് ഒരുങ്ങി. എട്ടിന് 306 റണ്‍സ് പ്രതിരോധിക്കാനുണ്ടായിട്ടും ഒരു സമ്മര്‍ദ്ദവും സൃഷ്ടിക്കാന്‍ ബംഗ്ലാദേശ് ബൗളിംഗ് നിരക്ക് സാധിച്ചില്ല. 44.4 ഓവറില്‍ ഓസീസ് വിജയം പൂര്‍ത്തിയാക്കി. ലോകകപ്പില്‍ ഓസീസിന്റെ ഏറ്റവും വലിയ റണ്‍ചെയ്സാണ് ഇത്. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ മിച്ചലും സ്റ്റീവ് സ്മിത്തും (64 പന്തില്‍ 63 നോട്ടൗട്ട്) 135 പന്തില്‍ 175 റണ്‍സടിച്ചു.
നേരത്തെ സ്പിന്നര്‍ ആഡം സാംപയാണ് (10-0-32-2) ബംഗ്ലാദേശിനെ നല്ല ബാറ്റിംഗ് പിച്ചില്‍ 306 ല്‍ ഒതുക്കാന്‍ സഹായിച്ചത്. സാംപയും പെയ്സര്‍ ജോഷ് ഹെയ്സല്വുഡുമൊഴികെ (7-1-21-0) എല്ലാവരും നല്ല ശിക്ഷ വാങ്ങി. ആദ്യ രണ്ടു കളികളും തോറ്റ ശേഷം ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇത്. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും 14 വീതം പോയന്റാണ്. വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ ഈ ടീമുകള്‍ സെമിഫൈനലില്‍ ഏറ്റുമുട്ടും. 1999 ലെ നാടകീയമായ സെമിഫൈനലിന്റെ ആവര്‍ത്തനമാവും ആ കളി. ദക്ഷിണാഫ്രിക്ക ജയിക്കേണ്ട കളി ടൈ ആവുകയും ഓസ്ട്രേലിയ ഫൈനലിലെത്തുകയുമായിരുന്നു.
ബംഗ്ലാദേശ് എട്ടാം സ്ഥാനത്താണ്. നെതര്‍ലാന്റ്സ് ഇന്ത്യയെ തോല്പിച്ചില്ലെങ്കില് അവര്‍ അടുത്ത ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടും.






