ഷാർജ- ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായ വൈദ്യേഴ്സ് മൻസിൽ എന്ന പുസ്തകത്തിന്റെ രചയിതാവ് നിഖില സമീറിനെ പുസ്തകോത്സവ നഗരിയിൽ വെച്ച് കായംകുളം പ്രവാസി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ ആദരിച്ചു. സാഹിത്യകാരിയും അധ്യാപികയും സൈക്കോളജിക്കൽ കൗൺസിലറുമാണ് നിഖില സമീർ.
ആദ്യ രണ്ട് കവിതാ സമാഹാരങ്ങൾക്ക് ശേഷമാണ് വൈദ്യേഴ്സ് മൻസിൽ പ്രകാശിതമായത്. ഓർമക്കുറിപ്പുകളുടെ സമാഹാരമായ ഈ പുസ്തകം സ്വന്തം മാതാപിതാക്കൾക്കാണ് നിഖില സമർപ്പിച്ചിരിക്കുന്നത്. ഹരിതം ബുക്സ് ആണ് പ്രസാധകർ. സ്വന്തം നാട്ടുകാരിൽ നിന്നുള്ള അംഗീകാരം നൽകുന്ന സന്തോഷം വിവരണാതീതമാണെന്ന് നിഖില അഭിപ്രായപ്പെട്ടു. കായംകുളം പ്രവാസി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് അനീസ് ബാദുഷ മുഖ്യ പ്രഭാഷണം നടത്തി. മറ്റ് ഭാരവാഹികളായ മുഹമ്മദ് ഷമീം, അൽ അമീൻ, ഷിബു ഷംസ്, സാബു യൂനുസ്, നബീൽ റഷീദ് ആശംസകൾ നേർന്നു. ഹരിതം ബുക്സ് എം.ഡി പ്രതാപൻ തായാട്ട്, എഡിറ്റർ ബീന, സമീർ കാസിം, റെസ്നി എന്നിവർ പങ്കെടുത്തു.






