ഒമ്പതു പേരുമായി കളിച്ച്  മുഹമ്മദന്‍സ് ജയിച്ചു

ന്യൂദല്‍ഹി - പതിമൂന്ന് മിനിറ്റാവുമ്പോഴേക്കും രണ്ടു ഗോളിന് മുന്നിലെത്തിയ മുഹമ്മദന്‍ സ്‌പോര്‍ടിംഗ് ഐ-ലീഗ് ഫുട്‌ബോളില്‍ ദല്‍ഹി എഫ്.സിയെ 2-1 ന് തോല്‍പിച്ചു. ഗോകുലം കേരള എഫ്.സിയെ മറികടന്ന് അവര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. മുഹമ്മദന്‍സന് നാലു കളികളില്‍ 10 പോയന്റായി. ഗോകുലത്തിന് മൂന്നു കളിയില്‍ ഏഴ് പോയന്റാണ്. 29ാം മിനിറ്റ് മുതല്‍ പത്തു പേരുമായും രണ്ടാം പകുതി മുഴുവന്‍ ഒമ്പത് പേരുമായാണ് മുഹമ്മദന്‍സ് പൊരുതിയത്. ആദ്യം അലക്‌സിസ് ഗോമസും പിന്നീട് മിഅ്‌റാജുല്‍ കാസിമോവും ചുവപ്പ് കാര്‍ഡ് കണ്ടു. 
നാലാം മിനിറ്റില്‍ തന്നെ ഗുര്‍തേജ് സിംഗ് സ്വന്തം പോസ്റ്റില്‍ ഗോളടിച്ചത് ദല്‍ഹിക്ക് കനത്ത ആഘാതമായി. 13ാം മിനിറ്റില്‍ ഫനായ് ലാല്‍റെംസംഗ ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിലാണ് ദല്‍ഹി ആശ്വാസ ഗോളടിച്ചത്, ബാലി ഗഗന്‍ദീപിലൂടെ. 

 

Latest News