പൂനെ - അഫ്ഗാനിസ്ഥാനെതിരെ അവിസ്മരണീയ ഇന്നിംഗ്സ് കളിച്ച ഗ്ലെന്‍ മാക്സ്വെല് ലോകകപ്പിലെ ഓസ്ട്രേലിയയുടെ അവസാന ലീഗ് മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ല. അപ്രസക്തമായ കളിയില്‍ ബംഗ്ലാദേശിനെയാണ് ഓസ്ട്രേലിയക്ക് നേരിടേണ്ടത്. ഓസ്ട്രേലിയ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷ അവസാനിക്കുകയും ചെയ്തു.
മുന്‍നിര പെയ്സ്ബൗളര്മാരിലൊരാള്ക്ക് വിശ്രമം നല്കി ഷോണ്‍ ആബട്ടിന് ഓസ്ട്രേലിയ അവസരം നല്‍കിയേക്കും. പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും എട്ട് കളികളിലും ഇറങ്ങിയിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ കളിയില്‍ 147ാമത്തെ റണ്ണിനോടവെ രണ്ട് കാലിലും കനത്ത പേശിവലിവ് അനുഭവിച്ചിരുന്നു മാക്സ്വെല്. പിന്നാലെ പുറംവേദനയുമായി നിലത്തു വീണു. ഓടാന്‍ പോലുമാവാതെയാണ് ഇരട്ട സെഞ്ചുറിയോടെ ടീമിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചത്. 128 പന്തിലായിരുന്നു ഇരട്ട സെഞ്ചുറി.






