ബംഗളൂരു - ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് രണ്ട് വേദികള്‍ സജ്ജമാണ്. മുംബൈയും കൊല്‍ക്കത്തയും. ടൂര്‍ണമെന്റ് തുടങ്ങും മുമ്പെ തീരുമാനിച്ചതാണ് ഇത്. മറ്റേത് ടീമാണെങ്കിലും മുംബൈ, പാക്കിസ്ഥാനാണെങ്കില്‍ കൊല്‍ക്കത്ത. മുംബൈയില്‍ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയതിനാലാണ് ഇത്. ലോകകപ്പ് സെമിഫൈനലിനായി പാക്കിസ്ഥാനൊപ്പം നേരിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുകയാണ് കൊല്‍ക്കത്ത. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള സെമി ഫൈനല്‍ കൊല്‍ക്കത്തയിലാണ്.
150 കോടി ജനങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങിയെന്നും ഇതിനെക്കാള്‍ വലിയൊരു മത്സരം കിട്ടാനില്ലെന്നും കിവീസ് പെയ്‌സ്ബൗളര്‍ ട്രെന്റ് ബൗള്‍ട് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ന്യൂസിലാന്റ് ഫൈനല്‍ കളിച്ചിരുന്നു. 2015 ല്‍ ഓസ്‌ട്രേലിയയോടും 2019 ല്‍ ഇംഗ്ലണ്ടിനോടും തോറ്റു. ലോകകപ്പില്‍ ഇന്ത്യയുമായി കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ചിലും ന്യൂസിലാന്റ് ജയിച്ചിട്ടുണ്ട്. 2019 ലെ സെമിഫൈനലില്‍ ഇന്ത്യയെയാണ് അവര്‍ മറികടന്നത്. ഇത്തവണ ലീഗ് മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും വലിയ വെല്ലുവിളി നേരിട്ടിരുന്നു.






