കൊല്‍ക്കത്ത - താന്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്ന് വാദിക്കുന്ന ടി.വി പണ്ഡിറ്റുകള്‍ മിണ്ടാതിരിക്കണമെന്നും ടി.വി ചാനലില്‍ അഭിപ്രായം പറയാന്‍ എളുപ്പമാണെന്നും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പ്രതീക്ഷിച്ച നിലവാരത്തില്‍ സ്‌കോര്‍ ചെയ്യാനായിട്ടില്ലെന്നതു ശരി തന്നെ. അല്ലാതെ ഒരു സമ്മര്‍ദ്ദവുമില്ല. ടി.വിയിലിരുന്ന് എന്നെക്കുറിച്ച് അതുമിതും പറയാതെ ഉപദേശികള്‍ എന്നെ വിളിക്കൂ, അല്ലെങ്കില്‍ മെസേജ് അയക്കൂ -ഇരുപത്തൊമ്പതുകാരന്‍ വെല്ലുവിളിച്ചു.
ബാബര്‍ അസം ലോകകപ്പില്‍ നാല് അര്‍ധ ശതകമാണ് നേടിയത്. അതില്‍ മൂന്നിലും പാക്കിസ്ഥാന്‍ തോറ്റു. എട്ടു കളികളില്‍ നാലെണ്ണമേ പാക്കിസ്ഥാന്‍ ജയിച്ചുള്ളൂ.
ഇംഗ്ലണ്ടിനെതിരെ വലിയ വിജയം ആവശ്യമാണെന്നു കരുതി കണ്ണുമടച്ച് അടിക്കാനാവില്ലെന്ന് ബാബര്‍ ഓര്‍മിപ്പിച്ചു. ഓരോ പത്തോവറും എങ്ങനെ കളിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാന്‍ വേണം. ഏതു കളിക്കാരന്‍ ക്രീസില്‍ നില്‍ക്കണം എന്നതിനെക്കുറിച്ച് ധാരണ വേണം. 20-30 ഓവര്‍ വരെ ഫഖര്‍ സമാന് തുടരാന്‍ സാധിച്ചാല്‍ ലക്ഷ്യം നേടാനാവും -ബാബര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍ നേടിയ ഏറ്റവും വലിയ സ്‌കോര്‍ 361 ആണ്, 2019 ല്‍. ഏറ്റവും വലിയ വിജയം 108 റണ്‍സിനും, 22 വര്‍ഷം മുമ്പ്. ലോകകപ്പില്‍ 1999 നു ശേഷം പാക്കിസ്ഥാന്‍ പരാജയമാണെന്ന് വാദിക്കുന്നവര്‍ 2022 ലെ ഏഷ്യാ കപ്പിലും 2022 ലെ ട്വന്റി20 ലോകകപ്പിലും പാക്കിസ്ഥാന്‍ ഫൈനല്‍ കളിച്ചതും ടീം ലോക ഒന്നാം നമ്പറായതും വിസ്മരിക്കുകയാണെന്ന് ബാബര്‍ പറഞ്ഞു.






