പ്രതീക്ഷ നല്‍കിയ ശേഷം അഫ്ഗാനിസ്ഥാന്‍ തോറ്റു

അഹമ്മദാബാദ് - ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ ഔദ്യോഗികമായി അവസാനിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ അവര്‍ ശക്തമായി പൊരുതിയെങ്കിലും 15 പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് തോറ്റു. ചെയ്‌സ് ചെയ്യുമ്പോള്‍ മുട്ടിടിക്കുന്ന പതിവ് സ്വഭാവം ഒരിക്കല്‍കൂടി പ്രകടമാക്കിയാണ് ദക്ഷിണാഫ്രിക്ക ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. 
438 റണ്‍സിന് ജയിച്ചാല്‍ മാത്രം സെമിഫൈനല്‍ സാധ്യതയുണ്ടായിരുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ബാറ്റിംഗില്‍ പാളി. ഇരുപത്തിമൂന്നുകാരന്‍ അസ്മതുല്ല ഉമര്‍സായി (107 പന്തില്‍ 97 നോട്ടൗട്ട്) എല്ലാവരും പരാജയപ്പെട്ട ഇന്നിംഗ്‌സില്‍ 244 ന് അവര്‍ അവസാന പന്തില്‍ ഓളൗട്ടായി. 
ദക്ഷിണാഫ്രിക്ക അതിവേഗമാണ് തുടങ്ങിയത്. ക്വിന്റന്‍ ഡികോക്കും (47 പന്തില്‍ 41) ക്യാപ്റ്റന്‍ തെംബ ബവൂമയും (28 പന്തില്‍ 23) അനായാസം ടീമിനെ ജയിപ്പിക്കുമെന്നു തോന്നി. രണ്ട് റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും പുറത്തായ ശേഷം ദക്ഷിണാഫ്രിക്ക ഇഴഞ്ഞു. റാസി വാന്‍ഡര്‍ഡസന്‍ (95 പന്തില്‍ 76 നോട്ടൗട്ട്) ഒരറ്റം ഭ്ദ്രമാക്കിയതിനാലാണ് അവര്‍ക്ക് ജയിക്കാനായത്. അയ്ദന്‍ മാര്‍ക്‌റമും (32 പന്തില്‍ 25) ഹയ്ന്റിക് ക്ലാസനും (13 പന്തില്‍ 10) ഡേവിഡ് മില്ലറും (33 പന്തില്‍ 24) പുറത്തായതോടെ 37 ഓവറില്‍ അഞ്ചിന് 182 ലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നു. എന്നാല്‍ ആന്‍ഡിലെ ഫെഹ്‌ലുക്‌വായൊ (37 പന്തില്‍ 39 നോട്ടൗട്ട്) വാന്‍ഡര്‍ഡസന് പിന്തുണ നല്‍കി. ഇരുവരും അഭേദ്യമായ ആറാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി അഫ്ഗാന്‍ ബൗളിംഗിനെ ചെറുത്തു. നാല്‍പത്താറാം ഓവറില്‍ നവീനുല്‍ ഹഖിനെ ഫെഹ്‌ലുക്‌വായൊ സിക്‌സറിനുയര്‍ത്തി. 18 പന്തില്‍ 14 റണ്‍സ് വേണമെന്നിരിക്കെ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമായി ടീമിനെ ലക്ഷ്യം കടത്തി. 
അഫ്ഗാന്‍ ഇന്നിംഗ്‌സിന് നെടുന്തൂണായി നിന്ന അസ്മതുല്ല ഉമര്‍സായിക്ക് അവസാന മൂന്ന് പന്ത് നേരിടാന്‍ അവസരം കിട്ടിയിട്ടും സെഞ്ചുറി തികക്കാനായില്ല. അവസാന ഓവര്‍ ആരംഭിക്കുമ്പോള്‍ 96 റണ്‍സിലെത്തിയിരുന്നു ഉമര്‍സായ്. പതിനൊന്നാമന്‍ നവീനുല്‍ ഹഖ് അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്ത് ഉമര്‍സായിക്ക് സെഞ്ചുറി തികക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ ഒരു റണ്ണെടുക്കാനേ ഉമര്‍സായിക്ക് സാധിച്ചുള്ളൂ. മറ്റൊരു സിംഗിളിലൂടെ നവീനുല്‍ ഹഖ് വീണ്ടും സ്‌ട്രൈക്ക് കൈമാറിയെങ്കിലും കഗീസൊ റബാദയുടെ അവസാന മൂന്നു പന്തുകളിലും റണ്ണെടുക്കാനായില്ല. അവസാന പന്തില്‍ ഇല്ലാത്ത സിംഗിളിനോട് നവീനുല്‍ ഹഖ് പുറത്തായി. കന്നി സെഞ്ചുറിയാണ് ഉമര്‍സായിക്ക് നഷ്ടപ്പെട്ടത്. 
ലുന്‍ഗി എന്‍ഗിഡിയുടെ അവസാന രണ്ടോവറിലാണ് ഉമര്‍സായ് വേഗം കൂട്ടിയത്. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമായി 35 റണ്‍സാണ് എടുത്തത്. എന്നാല്‍ അവസാന ഓവറില്‍ നാല് റണ്‍സെടുക്കാനായില്ല. 
അഫ്ഗാനിസ്ഥാന് 16 പന്തില്‍ നാല് റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ റഹമത് ഷാ (49), റാഷിദ് ഖാന്‍ (44), നൂര്‍ അഹമ്മദ് (44) എന്നിവര്‍ക്കൊപ്ം ഉമര്‍സായ് കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുത്തു. ജെറാള്‍ഡ് കീറ്റ്‌സി നാലു വിക്കറ്റെടുത്തു. മൊത്തം ലോകകപ്പില്‍ കീറ്റ്‌സിക്ക് 18 വിക്കറ്റായി. കേശവ് മഹാരാജിന് രണ്ടു വിക്കറ്റ് ലഭിച്ചു. തന്റെ ആദ്യ പന്തില്‍ റഹമാനുല്ല ഗുര്‍ബാസിനെ (25) പുറത്താക്കി ഓപണിംഗ് കൂട്ടുകെട്ട് പൊളിച്ചത് കേശവാണ്. അടുത്ത ഓവറില്‍ ഇബ്രാഹിം സദ്‌റാനെ കീറ്റ്‌സി മടക്കി. ക്യാപ്റ്റന്‍ ഹശ്മതുല്ല ശാഹിദിയെയും (2) കേശവ് വീഴ്ത്തിയതോടെ 41-0  ല്‍ നിന്ന് 45-3 ലേക്ക് അഫ്ഗാന്‍ തകര്‍ന്നു. 
ആറ് പുറത്താകലുകളില്‍ വിക്കറ്റ്കീപ്പര്‍ ക്വിന്റന്‍ ഡികോക്ക് പങ്കാളിയായി. ആറും ക്യാച്ച്. ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റിന്റെയും (2003 ല്‍ നമീബിയക്കെതിരെ) പാക്കിസ്ഥാന്റെ സര്‍ഫറാസ് അഹമ്മദിന്റെയും (205 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ) റെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനമാണ് ഇത്.
 

Latest News