സന്തോഷ് ട്രോഫി ഫൈനല്‍ കാണാന്‍ ഫിഫ പ്രസിഡന്റ് 

ന്യൂദല്‍ഹി - സന്തോഷ് ട്രോഫിയുടെ പേര് ഫിഫ സന്തോഷ് ട്രോഫി എന്നു മാറ്റിയതായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഈ വര്‍ഷം ഫൈനല്‍ കാണാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ വരുമെന്നും എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനു ശേഷം എ.ഐ.എഫ്.എഫ് അറിയിച്ചു. മാര്‍ച്ച് ഒമ്പതിനോ പത്തിനോ ആയിരിക്കും ഫൈനല്‍. 
മികച്ച ഗോള്‍കീപ്പര്‍മാരെ സൃഷ്ടിക്കാന്‍ ഗോള്‍കീപ്പേഴ്‌സ് അക്കാദമി തുടങ്ങുമെന്ന് മുന്‍ ഗോളി കൂടിയായ എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ അറിയിച്ചു. ഈയിടെ മുന്‍ ജര്‍മന്‍ ഗോളി ഒലിവര്‍ കാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ മാസം ഫിഫ പ്രതിനിധിയും മുന്‍ ആഴ്‌സനല്‍ കോച്ചുമായ ആഴ്‌സന്‍ വെംഗറും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഫിഫ-എ.ഐ.എഫ്.എഫ് അക്കാദമി തുടങ്ങുന്നതിനെക്കുറിച്ച് അദ്ദേഹം ചര്‍ച്ച നടത്തും. 
ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മലയാളിയായ ഡോ. ഷാജി പ്രഭാകറിനെ മാറ്റിയ ശേഷം ആദ്യമായാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേരുന്നത്. കല്യാണ്‍ ചൗബെ നേരിട്ടാണ് കരാര്‍ റദ്ദാക്കിയ കത്ത് കൈമാറിയത്. ആ തീരുമാനം കമ്മിറ്റി അംഗീകരിച്ചതായി ചൗബെ അറിയിച്ചു. 

 

Latest News