ഇന്ത്യ x നെതര്‍ലാന്റ്‌സ്
ഞായര്‍, രാവിലെ 11.30
പൂനെ - ലോകകപ്പില്‍ സെമിഫൈനലുറപ്പാക്കിയ ഇന്ത്യ അജയ്യരായി ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കുമോ? നെതര്‍ലാന്റ്‌സിനെതിരെ ഞായറാഴ്ച പൂനെയിലാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം. ജയിച്ചാലും തോറ്റാലും ഇന്ത്യക്ക് ഒന്നാം സ്ഥാനമുറപ്പാണ്. മറ്റെല്ലാ ടീമുകളും ചുരുങ്ങിയത് രണ്ടു കളികളെങ്കിലും തോറ്റിട്ടുണ്ട്. ഇന്ത്യ ആദ്യ എട്ടു കളികളും ജയിച്ചു.
എങ്കിലും നെതര്‍ലാന്റ്‌സ് പ്രതീക്ഷ കൈവിടുന്നില്ല. ടീമിന്റെ വിജയസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ പല തമാശകളും ലോകകപ്പില്‍ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ഓള്‍റൗണ്ടര്‍ തേജ നിഡമനൂരുവിന്റെ പ്രതികരണം. അവസാന മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനോട് 160 റണ്‍സിന് തകര്‍ന്നിരുന്നു. അവസാന സ്ഥാനത്താണ് ഇപ്പോള്‍. എങ്കിലും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ അവര്‍ അട്ടിമറിച്ചിട്ടുണ്ട്.
ക്രിക്കറ്റില്‍ ഏതു ടീമിനും വിജയ സാധ്യതയുണ്ടെന്ന് ഇന്ത്യയില്‍ ജനിച്ച നിഡമനൂരു പറഞ്ഞു. സ്പിന്‍ നന്നായി കളിക്കുന്നവര്‍ ടീമിലുണ്ട്. വിക്കറ്റെടുക്കാന്‍ സാധിക്കുന്നുവരുമുണ്ട്. അല്‍പം ഭാഗ്യം കൂടി വേണമെന്നു മാത്രം -ഇരുപത്തൊമ്പതുകാരന്‍ വിലയിരുത്തി. ഇന്ത്യ കരുത്തുറ്റ ടീമാണ്. നന്നായി കളിക്കുന്നുണ്ട്. ലോകത്തിലെ മികച്ച ഒമ്പത് ടീമുകളുമായി കളിക്കാനായത് ഞങ്ങളുടെ വളര്‍ച്ചയിലെ നിര്‍ണായക ഘട്ടമാണ് -ഓള്‍റൗണ്ടര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ഡച്ചിന്റെ ടോപ്‌സ്‌കോററായിരുന്നു നിഡമനൂരു. എന്നാല്‍ ബെന്‍ സ്‌റ്റോക്‌സിനെ 41 ലുള്ളപ്പോള്‍ കൈവിട്ടിരുന്നു. സ്‌റ്റോക്‌സിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്.






