ബംഗളൂരു - തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലും ഇന്ത്യ-ന്യൂസിലാന്റ് സെമി ഫൈനലിന് അരങ്ങൊരുങ്ങുന്നു. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ ന്യൂസിലാന്റ് ശ്രീലങ്കക്കെതിരെ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. 46.4 ഓവറില്‍ 171 ന് പുറത്തായ ശ്രീലങ്കക്കെതിരെ അവര്‍ പത്തൊമ്പതോവറില് മൂന്നിന് 132 റണ്‍സെടുത്തു. ഒരോവര്‍ കൂടി എറിഞ്ഞാല്‍ കളി ഉപേക്ഷിക്കില്ലെന്നുറപ്പാവും. ഡക്വര്‍ത്ത് ലൂയിസ് നിമയപ്രകാരം ന്യൂസിലാന്റ് ഏറെ മുന്നിലാണ്.
ന്യൂസിലാന്റിന്റെ റണ്‍റെയ്റ്റ് മറികടക്കാന്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഏതാണ്ട് അസാധ്യമാണ്. ഈ രണ്ട് ടീമുകള്‍ക്കേ സാധ്യത അവശേഷിക്കുന്നുള്ളൂ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മറ്റൊരു സെമി. ന്യൂസിലാന്റ് കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയെ 18 റണ്‍സിന് തോല്പിച്ചിരുന്നു. പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയെ തോല്പിക്കുന്ന പതിവുണ്ട് അവര്‍ക്ക്. എന്നാല്‍ ഈ ലോകകപ്പില്‍ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 12 പന്ത് ശേഷിക്കെ ഇന്ത്യ നാലു വിക്കറ്റിന് ജയിച്ചു.
സെമി ഉറപ്പാക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മഴ മാറി നിന്നത് ന്യൂസിലാന്റിന് ഭാഗ്യമായി. ഏതു നിമിഷവും മഴ വീഴാമെന്നിരിക്കെ ന്യൂസിലാന്റ് ബൗളര്‍മാരും ബാറ്റര്‍മാരും അവസരത്തിനൊത്തുയര്‍ന്നു. 46.4 ഓവറില്‍ ശ്രീലങ്കയെ 171 ന് അവര്‍ പുറത്താക്കി. 23.3 ഓവറില്‍ 113 റണ്‍സെടുക്കുമ്പോഴേക്കും എട്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം മഹീഷ് തീക്ഷണയും (91 പന്തില്‍ 38 നോട്ടൗട്ട്) പതിനൊന്നാമന്‍ ദില്ഷന് മധുശങ്കയുമാണ് (48 പന്തില്‍ 19) ടീമിനെ 171 ലെത്തിച്ചത്. ഓപണര്‍ കുശാല്‍ പെരേരയൊഴികെ (28 പന്തില്‍ 51) മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. കുശാല്‍ പെരേരയെയും മഹീഷ് തീക്ഷണ-മധുശങ്ക കൂട്ടുകെട്ടുമൊഴിച്ചാല് രണ്ടക്കം കണ്ടത് ആഞ്ചലൊ മാത്യൂസും (27 പന്തില്‍ 16) ധനഞ്ജയ ഡിസില്‍വയും (24 പന്തില്‍ 19) മാത്രം. പെയ്സര്‍മാരായ ട്രെന്റ് ബൗള്‍ടും (10-3-37-3) ലോക്കി ഫെര്‍ഗൂസനും (10-2-35-2) ടിം സൗതിയും (8-0-52-1) ആറു വിക്കറ്റ് പങ്കുവെച്ചു. സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്നറും (10-2-22-2) രചിന് രവീന്ദ്രയും (7.4-0-21-2) അക്ഷരാര്‍ഥത്തില്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടുകയും നാലു വിക്കറ്റെടുക്കുകയും ചെയ്തു.
പിന്നീട് ഓപണര്‍മാരായ ഡെവോണ്‍ കോണ്‍വെയും (42 പന്തില്‍ 45) രചിനും (34 പന്തില്‍ 42) ഓപണിംഗ് വിക്കറ്റില്‍ പന്ത്രണ്ടോവറില്‍ 86 റണ്‍സിന്റെ അടിത്തറയിട്ടു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് (15 പന്തില്‍ 14) നിരാശപ്പെടുത്തിയെങ്കിലും അവര്‍ വിജയത്തിലേക്ക് അനായാസം ചുവടുവെക്കുകയാണ്.






