Sorry, you need to enable JavaScript to visit this website.

ചൈനയില്‍ വിദേശ നിക്ഷേപ താത്പര്യം കുറയുന്നു; ഇന്ത്യയ്ക്ക് പ്രതീക്ഷ

ബീജിംഗ്- ചൈനയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ചൈനയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നെഗറ്റീവായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1998ന് ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. 

മൂന്നാം പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേത്തില്‍ 11.8 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. ഇത് തുടര്‍ന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ വളര്‍ന്നുവരുന്ന വിപണികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. ഇത്തരം വിപണികളിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

വീണ്ടും ചൈനയില്‍ നിക്ഷേപിക്കാന്‍ വിദേശ കമ്പനികളുടെ താത്പര്യത്തിലുണ്ടായ കുറവാണ് ഇടിവിന് കാരണം. എന്നാല്‍ ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണെന്നാണ് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ നിക്ഷേപത്തിലെ ഇടിവ് ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇപ്പോഴും നിക്ഷേപകരെ ആകര്‍ഷിക്കുന്ന രാജ്യമാണ് ചൈനയെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 

തായ്‌വാന്‍, യു. എസ് എന്നിവയോടുള്ള തര്‍ക്കം, തൊഴിലാളി ക്ഷാമം, സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ക്ക് കൈമാറാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മേല്‍ ചൈനീസ് സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം പല അന്താരാഷ്ട്ര കമ്പനികളേയും ചൈനയിലെ നിക്ഷേപത്തില്‍ താത്പര്യം കുറക്കുന്നുണ്ട്. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ റിപ്പോര്‍ട്ട് പുതിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനവും കരുത്തുറ്റ സമ്പദ് വ്യവസ്ഥയും സുസ്ഥിരമായ സര്‍ക്കാരും നിയമവാഴ്ചയും തൊഴില്‍ വിപണിയുടെ വികസനവും പല വിദേശ നിക്ഷേപകരെയും ആകര്‍ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News