കോപന്‍ഹാഗന്‍ - നാടകീയമായ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ എഫ്.സി കോപന്‍ഹാഗനോട് 3-4 ന് തോറ്റതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായി. പകരക്കാരനായിറങ്ങിയ റൂണി ബര്‍ദഗ്ജി 87 ാം മിനിറ്റിലാണ് വിജയ ഗോള്‍ കണ്ടെത്തിയത്. സ്വീഡന്റെ അണ്ടര്‍-21 കളിക്കാരനായ പതിനേഴുകാരന്‍ കുവൈത്തിലാണ് ജനിച്ചത്.
അനുജന്‍ എമില്‍ കളിക്കുന്ന തന്റെ മുന്‍ ക്ലബ്ബിനെതിരെ 28 മിനിറ്റാവുമ്പോഴേക്കും റാസ്മസ് ഹോയ്‌ലന്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-0 ന് മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 42ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫഡ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ യുനൈറ്റഡ് പത്തു പേരായിച്ചുരുങ്ങി. ആദ്യ പകുതിയുടെ കാല്‍ മണിക്കൂറോളം നീണ്ട ഇഞ്ചുറി ടൈമിന്റെ അവസാന ഘട്ടത്തില്‍ മുഹമ്മദ് അല്‍യൂനുസിയും ഡിയേഗൊ ഗോണ്‍സാല്‍വസും സ്‌കോര്‍ തുല്യമാക്കി. ഗോണ്‍സാല്‍വസിന്റേത് പെനാല്‍ട്ടിയായിരുന്നു. 69ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ബ്രൂണൊ ഫെര്‍ണാണ്ടസ് യുനൈറ്റഡിന്റെ ലീഡ് തിരിച്ചുപിടിച്ചു. പക്ഷെ 83ാം മിനിറ്റില്‍ ലുക്കാസ് ലെറാഗറും നാലു മിനിറ്റിനു ശേഷം റൂണി ബര്‍ദഗ്ജിയും കോപന്‍ഹാഗനെ വിജയത്തിലെത്തിച്ചു.
ബയേണ്‍ മ്യൂണിക് ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്തി. ഗലതസറായിക്കും കോപന്‍ഹാഗനും നാല് പോയന്റ് വീതമുണ്ട്. യുനൈറ്റഡിന് മൂന്നും.






