റയല്‍, ബയേണ്‍ നോക്കൗട്ടില്‍;  ലീഡ് തുലച്ച് യുനൈറ്റഡ്

ജനീവ - പോര്‍ചുഗീസ് ക്ലബ്ബുകളെ തോല്‍പിച്ച് സ്‌പെയിനിലെ റയല്‍ മഡ്രീഡും റയല്‍ സൊസീദാദും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറിലെത്തി. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ഇരു ടീമുകളും നോക്കൗട്ട് ബെര്‍ത്ത് നേടിയത്. തുടക്കത്തില്‍ തന്നെ പെനാല്‍ട്ടി പാഴാക്കിയ ബ്രാഗയെ സാന്റിയാഗൊ ബെര്‍ണബാവുവില്‍ 3-0 ന് റയല്‍ തോല്‍പിച്ചു. ബെന്‍ഫിക്കയെയാണ് 3-1 ന് സൊസീദാദ് കീഴടക്കിയത്. 
വെറ്ററന്‍ സ്‌ട്രൈക്കര്‍മാര്‍ അവസാന വേളയില്‍ നേടിയ ഗോളുകളില്‍ ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്‍ ക്ല്ബുകളും നോക്കൗട്ടില്‍ കടന്നു. 80, 86 മിനിറ്റുകളില്‍ ഹാരി കെയ്ന്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബയേണ്‍ 2-1 ന് ഗലതസറായിയെ തോല്‍പിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു സെഡ്രിക് ബകാംബുവിലൂടെ ഗലതസറായിയുടെ ആശ്വാസ ഗോള്‍. സാല്‍സ്ബര്‍ഗിനെതിരെ ഓസ്ട്രിയയില്‍ 85ാം മിനിറ്റിലെ ലൗതാരൊ മാര്‍ടിനേസ് പെനാല്‍ട്ടിയിലൂടെ ഇന്റര്‍ വിജയം കണ്ടെത്തി (1-0). 
കോപന്‍ഹാഗനിലെ നാടകീയ മത്സരത്തില്‍ എഫ്.സി കോപന്‍ഹാഗനോട് 2-3 ന് തോറ്റതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായി. 
സെവിയയെ 2-0 ന് തോല്‍പിച്ച ആഴ്‌സനലിന് ഗ്രൂപ്പ് ബി-യില്‍ നാല് പോയന്റ് ലീഡായി. ലെന്‍സിനെ തോല്‍പിച്ച് പി.എസ്.വി ഐന്തോവന്‍ രണ്ടാം സ്ഥാനത്തെത്തി. നാപ്പോളിയും യൂനിയന്‍ ബെര്‍ലിനും 1-1 ന് പിരിഞ്ഞു. കഴിഞ്ഞ 12 കളികളും യൂനിയന്‍ ബെര്‍ലിന്‍ തോറ്റിരുന്നു. 
പോര്‍ചുഗീസ് ചാമ്പ്യന്മാരായ ബെന്‍ഫിക്ക നാലാം തോല്‍വിയോടെ പുറത്തായി. കഴിഞ്ഞ രണ്ട് സീസണിലും ക്വാര്‍ട്ടറിലെത്തിയ ടീമാണ് അവര്‍. കഴിഞ്ഞ തവണ പി.എസ്.ജിയും യുവന്റസുമുള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്നു അവര്‍. 
 

Latest News