ലീഗ് കിരീടം നേടിക്കൊടുത്ത കോച്ചിനെ ഇത്തിഹാദ് പുറത്താക്കി

ജിദ്ദ - പോര്‍ചുഗീസുകാരനായ കോച്ച് നൂനൊ എസ്പിരിറ്റൊ സാന്‍ഡോയെ സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് പുറത്താക്കി. സൗദി ലീഗിലും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലുമുണ്ടായ തിരിച്ചടികളെത്തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ഇറാഖില്‍ നടന്ന കളിയില്‍ അല്‍ഇത്തിഹാദ് 0-2 ന് ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബിനോട് തോറ്റിരുന്നു. നൂനൊ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചുമതലയേറ്റത്. ആദ്യ സീസണില്‍ ഇത്തിഹാദിനെ സൗദി ലീഗ് ചാമ്പ്യന്മാരാക്കി. 2017 മുതല്‍ 2021 വരെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വുള്‍വര്‍ഹാംപ്റ്റന്റെ പരിശീലകനായിരുന്നു. പിന്നീട് ടോട്ടനം കോച്ചായി നിയമിതനായെങ്കിലും നാലു മാസനത്തിനകം പുറത്താക്കപ്പെട്ടു. പോര്‍ചുഗീസ് ക്ലബ്ബ് പോര്‍ടോയെയും പരിശീലിപ്പിച്ചിരുന്നു. 
ഈ വര്‍ഷം കരീം ബെന്‍സീമ ഇത്തിഹാദില്‍ ചേര്‍ന്നതോടെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ബെന്‍സീമയും കോച്ചും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
സമഗ്രമായ സാങ്കേതിക വിലയിരുത്തലിന് ശേഷമാണ് നടപടിയെടുത്തതെന്നും അസിസ്റ്റന്റ് കോച്ച് ഹസന്‍ ഖലീഫയെ താല്‍ക്കാലിക ചുമതലയേല്‍പിച്ചതായും ക്ലബ്ബ് അറിയിച്ചു.
 

Latest News