ന്യൂദല്‍ഹി - അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയ വാര്‍ത്ത ഞെട്ടിച്ചുവെന്ന് മലയാളിയായ ഡോ. ഷാജി പ്രഭാകര്‍. ഞങ്ങളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഞാന്‍ വിശ്വാസ വഞ്ചന കാട്ടിയെന്നത് വല്ലാത്ത ആരോപണമാണ്. ഇതെക്കുറിച്ച് പിന്നീട് പറയാം. ഞാന്‍ എന്നും സുന്ദരമായ കളിയുടെ ഉപാസകനായിരിക്കും. ഇന്ത്യന്‍ ഫുട്‌ബോളിനായി ഞാന്‍ അര്‍പ്പിച്ച സേവനങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി -അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണനെ ആക്ടിംഗ് സെക്രട്ടറി ജനറലായി ഉടന്‍ പ്രാബല്യത്തോടെ നിയമിച്ചിട്ടുണ്ട്.
2022 സെപ്റ്റംബര്‍ രണ്ടിന് ചൗബെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിലവില്‍ വന്നതിന്റെ പിറ്റേന്നാണ് സെക്രട്ടറി ജനറലായി ഡോ. ഷാജി പ്രഭാകറിനെ നിയമിച്ചത്. ഫുട്‌ബോള്‍ ഭരണരംഗത്ത് കഴിവും പ്രാപ്തിയും തെളിയിച്ചയാളാണ് അദ്ദേഹം. സെപ്റ്റംബര്‍ ആറിനാണ് അദ്ദേഹം ചുമതലയേറ്റത്. നേരത്തെ ദല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.






