വിശ്വാസ വഞ്ചനയാരോപിച്ച് മലയാളി സെക്രട്ടറിയെ എ.ഐ.എഫ്.എഫ് പുറത്താക്കി

ന്യൂദല്‍ഹി - മലയാളിയായ സെക്രട്ടറി ജനറല്‍ ഡോ. ഷാജി പ്രഭാകറിനെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് പുറത്താക്കി. അടിയന്തരമായാണ് നടപടിയെടുത്തിരിക്കുന്നത്. ബി.ജെ.പി നേതാവ് കൂടിയായ മുന്‍ ഇന്ത്യന്‍ ഗോളി കല്യാണ്‍ ചൗബെയാണ് ഇപ്പോള്‍ എ.ഐ.എഫ്.എഫ് പ്രസിഡന്റ്. പ്രഫുല്‍ പട്ടേലിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കിയ ശേഷം മുന്‍ ഇന്ത്യന്‍ താരം ബൈചുംഗ് ബൂട്ടിയയുടെ പാനലിനെ തോല്‍പിച്ചാണ് 14 മാസം മുമ്പ് ചൗബെ അധികാരം പിടിച്ചത്. അന്ന് ചൗബെയുടെ കൂടെ നിന്നയാളാണ് ഷാജി പ്രഭാകര്‍. തുടര്‍ന്ന് അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 
ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണനെ ആക്ടിംഗ് സെക്രട്ടറി ജനറലായി ഉടന്‍ പ്രാബല്യത്തോടെ നിയമിച്ചിട്ടുണ്ട്. 
2022 സെപ്റ്റംബര്‍ രണ്ടിന് ചൗബെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിലവില്‍ വന്നതിന്റെ പിറ്റേന്നാണ് സെക്രട്ടറി ജനറലായി ഡോ. ഷാജി പ്രഭാകറിനെ നിയമിച്ചത്. ഫുട്‌ബോള്‍ ഭരണരംഗത്ത് കഴിവും പ്രാപ്തിയും തെളിയിച്ചയാളാണ് അദ്ദേഹം. സെപ്റ്റംബര്‍ ആറിനാണ് അദ്ദേഹം ചുമതലയേറ്റത്. നേരത്തെ ദല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
ദുരൂഹ സാഹചര്യത്തില്‍, എന്താണ് വിശ്വാസവഞ്ചനയെന്ന് വ്യക്തമാക്കാതെയാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. ചൗബെ നേരിട്ടാണ് സേവനം അവസാനിപ്പിക്കുന്ന കത്ത് ഷാജി പ്രഭാകറിന് കൈമാറിയത്. ഡോ. ഷാജി പ്രഭാകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
ഷാജി പ്രഭാകറിന്റെ സേവനത്തില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി തൃപ്തരായിരുന്നില്ലെന്ന് എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എന്‍.എ ഹാരിസ് പറഞ്ഞു. 
വ്യക്തി താല്‍പര്യം മറികടന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചക്കായി ശ്രദ്ധ പതിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഷാജി പ്രഭാകര്‍ ട്വീറ്റ് ചെയ്തിരുന്നു. എ.ഐ.എഫ്.എഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പുറത്താക്കല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് സൂചന. എന്നാല്‍ പുറത്താക്കാന്‍ കമ്മിറ്റിയുടെ അനുമതി വേണ്ടതില്ലെന്ന് ഹാരിസ് വിശദീകരിച്ചു.
 

Latest News