മിലാന്‍ - നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ജര്‍മനിയിലെ ലെയ്പ്‌സിഷും രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ ശേഷിക്കെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ടിലേക്ക് മുന്നേറി. സെര്‍ബിയയിലെ കനത്ത പോരാട്ടത്തില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 2-1 ന് തോല്‍പിച്ചാണ് ലെയ്പ്‌സിഷ് മുന്നേറിയത്. ഷാവി സിമണ്‍സും ലോയിസ് ഒപന്‍ഡയും ഇരുപകുതികളിലായി ഗോളടിച്ചു. സിറ്റിക്ക് പന്ത്രണ്ടും ലെയ്പ്‌സിഷിന് ഒമ്പതും പോയന്റായി. റെഡ് സ്റ്റാറിനും യംഗ് ബോയ്‌സിനും ഓരോ പോയന്റ് വീതമേയുള്ളൂ.
മുപ്പത്തേഴുകാരന്‍ ഒലിവിയര്‍ ജിരൂ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ ഗോളടിച്ചതോടെ എ.സി മിലാന്‍ 2-1 ന് പി.എസ്.ജിയെ തോല്‍പിച്ചു. റഫായേല്‍ ലിയാവോയും സ്‌കോര്‍ ചെയ്തു. ഒമ്പതാം മിനിറ്റില്‍ മിലാന്‍ സ്‌കിര്‍ണിയറിലൂടെ പി.എസ്.ജി ആതിഥേയരെ ഞെട്ടിച്ചിരുന്നു. ബൊറൂസിയ ഡോര്‍ട്മുണ്ട് 2-0 ന് ന്യൂകാസിലിനെ തോല്‍പിച്ചു. ഇതോടെ ഗ്രൂപ്പ് എഫില്‍ ആരും മുന്നേറാമെന്നായി. ഡോര്‍ട്മുണ്ടും (7 പോയന്റ്) പി.എസ്.ജിയുമാണ് (6) ആദ്യ സ്ഥാനങ്ങളില്‍. മിലാനും (5) പിന്നിലാണ് ന്യൂകാസില്‍ (4).
ഗ്രൂപ്പ് ഇ-യില്‍ വെറ്ററന്‍ സീറോ ഇമ്മോബിലെ ലാസിയോക്ക് വേണ്ടി ഇരുനൂറാം ഗോളടിച്ചു. ഫെയ്‌നൂര്‍ദിനെ 1-0 ന് തോല്‍പിച്ച് ലാസിയൊ (7) പ്രതീക്ഷ നിലനിര്‍ത്തി. സെല്‍റ്റിക്കിനെ 6-0 ന് തരിപ്പണമാക്കിയ അത്‌ലറ്റിക്കൊ മഡ്രീഡാണ് (8) ഒന്നാം സ്ഥാനത്ത്. ഫെയ്‌നൂര്‍ദിന് ആറ് പോയന്റുണ്ട്.






