ശാഖ്തറിനോട് തോറ്റു, ബാഴ്‌സലോണ കാത്തിരിക്കണം

ഹാംബര്‍ഗ് - ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ടിലെത്താനായി ബാഴ്‌സലോണ കാത്തിരിക്കണം. ആദ്യ മൂന്നു കളികളും ജയിച്ച അവര്‍ എവേ മത്സരത്തില്‍ ശാഖ്തര്‍ ഡോണറ്റ്‌സ്‌കിനോട് 0-1 ന് തോറ്റു. നാല്‍പതാം മിനിറ്റില്‍ ഡാനിലൊ സികാന്‍ ഹെഡറിലൂടെ വല ചലിപ്പിച്ചു. 59ാം മിനിറ്റില്‍ ബാഴ്‌സലോണ ഒറ്റയടിക്ക് നാലു മാറ്റങ്ങള്‍ വരുത്തിയെങ്കിലും മറുപടി ഗോള്‍ നേടാനായില്ല. ഹോം മത്സരത്തില്‍ ശാഖ്തറിനെ 2-1 ന് ബാഴ്‌സലോണ തോല്‍പിച്ചിരുന്നു. 
യുദ്ധം കാരണം ഹോം മത്സരങ്ങള്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ കളിക്കുന്ന ശാഖ്തര്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ഹോം ജയമാണ് സ്വന്തമാക്കിയത്. സമനില നേടിയാലും ബാഴ്‌സലോണക്ക് മുന്നേറാമായിരുന്നു. കഴിഞ്ഞ രണ്ടു സീസണില്‍ ബാഴ്‌സലോണക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിച്ചിരുന്നില്ല. 
ആന്റ്‌വേര്‍പ്പിനെ 2-0 ന് തോല്‍പിച്ച പോര്‍ടൊ ഗ്രൂപ്പ് എച്ചില്‍ ബാഴ്‌സലോണക്കൊപ്പമെത്തി. 40 വയസ്സും 254 ദിവസവും പ്രായമുള്ള പെപ്പെ ചാമ്പ്യന്‍സ് ലീഗിലെ പ്രായമേറിയ ഗോള്‍സ്‌കോററായി. ബ്രസീല്‍ താരം ഇവാനില്‍സനാണ് ആദ്യ ഗോളടിച്ചത്. മുപ്പത്തെട്ടാം വയസ്സില്‍ ഗോളടിച്ച ഫ്രാഞ്ചെസ്‌കൊ ടോട്ടിയുടെ റെക്കോര്‍ഡാണ് പെപ്പെ തകര്‍ത്തത്. ശാഖ്തറിന് ആറു പോയന്റാണ്. 

Latest News