ഹാളന്റ് ഡബ്ള്‍,  സിറ്റി നോക്കൗട്ടില്‍

മാഞ്ചസ്റ്റര്‍ - പരിക്ക് ഭേദമായി കളത്തിലിറങ്ങിയ എര്‍ലിംഗ് ഹാളന്റ് ഇരട്ട ഗോളടിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായി. ഹോം മത്സരത്തില്‍ അവര്‍ സ്വിറ്റ്‌സര്‍ലന്റിലെ യംഗ് ബോയ്‌സിനെ 3-0 ന് കശക്കി. ഹാളന്റിന് 34 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ 39 ഗോളായി. രണ്ടാം ഗോള്‍ തകര്‍പ്പന്‍ ലോംഗ്‌റെയ്ഞ്ചറായിരുന്നു. ഗ്രൂപ്പ് ജി-യില്‍ നാലു കളികളില്‍ സിറ്റിയുടെ നാലാം ജയമാണ് ഇത്. ചാമ്പ്യന്‍സ് ലീഗില്‍ 28ഗ മത്സരങ്ങള്‍ മുമ്പാണ് അവര്‍ സ്വന്തം ഗ്രൗണ്ടില്‍ തോറ്റത്. 
23ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെയാണ് ഹാളന്റ് സ്‌കോറിംഗ് തുടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫില്‍ ഫോദനും ഗോളടിച്ചു. 61ാം മിനിറ്റില്‍ കോച്ച് പിന്‍വലിച്ചതോടെ ഹാളന്റിന് ഹാട്രിക് നേടാന്‍ അവസരം നഷ്ടമായി. 53ാം മിനിറ്റില്‍ നാഥന്‍ അകെക്കു നേരെ ബൂട്ടുയര്‍ത്തിയ യംഗ് ബോയ്‌സിന്റെ സാന്ദ്രൊ ലോപര്‍ ചുവപ്പ് കാര്‍ഡ് കണ്ടു. ലോപറിന്റെ തന്നെ ഫൗളിനാണ് സിറ്റിക്ക് പെനാല്‍ട്ടി ലഭിച്ചത്. 

Latest News