ദോഹ - ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് വിശ്രമം നല്‍കിയ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക അന്നസ്‌റിനെ ചുമലിലേറ്റി. ടാലിസ്‌കയുടെ ഹാട്രിക്കില്‍ അന്നസ്ര്‍ 3-2 ന് അല്‍ദുഹൈലിനെ തോല്‍പിച്ചു. ഇതേ ടീമുകള്‍ രണ്ടാഴ്ച മുമ്പ് റിയാദില്‍ ഏറ്റുമുട്ടിയപ്പോള്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലാണ് അന്നസ്ര്‍ 4-3 ന് ജയിച്ചത്. ഗ്രൂപ്പ് ഇ-യില്‍ നാലു കളികളില്‍ അന്നസ്‌റിന്റെ നാലാമത്തെ ജയമാണ്.
ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ താരം ഫിലിപ്പെ കൗടിഞ്ഞോയിലൂടെ അല്‍ദുഹൈല്‍ എട്ടാം മിനിറ്റില്‍ തന്നെ ഗോളടിച്ചിരുന്നു. ഗോളിലേക്കുള്ള മുന്നേറ്റത്തിനിടയില്‍ മിഷേല്‍ ഒലുംഗ ഡിഫന്റര്‍ മുഹമ്മദ് അല്‍ഫതിലിനെ ഫൗള്‍ ചെയ്തതായി അന്നസ്ര്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല.
ആദ്യ പകുതിയിലെ 10 മിനിറ്റ് ഇടവേളയിലാണ് അന്നസ്ര്‍ കളി തിരിച്ചത്. അബ്ദുറഹമാന്‍ അല്‍ഗരീബുമായി പന്ത് പാസ് ചെയ്ത് മുന്നേറി ടാലിസ്‌ക മനോഹരമായി ഗോള്‍ മടക്കി. തൊട്ടുപിന്നാലെ ടാലിക്‌സയുടെ രണ്ടാം ഗോളിന് സാദിയൊ മാനെ അവസരമൊരുക്കി. 65ാം മിനിറ്റില്‍ ഗരീബുമൊത്തുള്ള സുന്ദരമായ നീക്കത്തിനൊടുവിലാണ് ഹാട്രിക് തികച്ചത്. മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ടാലിസ്‌കക്ക് ആറ് ഗോളായി.
80ാം മിനിറ്റില്‍ കൗടിഞ്ഞൊ പെനാല്‍ട്ടിയിലൂടെ ദുഹൈല്‍ തിരിച്ചുവരവിന് ശ്രമിച്ചു. ഇഞ്ചുറി ടൈമില്‍ ഖാലിദ് മുഹമ്മദ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ അവരുടെ പ്രതീക്ഷ അവസാനിച്ചു.
സൗദിയിലെ അല്‍മജ്മഅ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അല്‍ഫയ്ഹ 2-3 ന് അല്‍ഐനിനോട് തോറ്റു. നാലു കളികളില്‍ മൂന്നും തോറ്റ അല്‍ഫയ്ഹ ഗ്രൂപ്പ് എ-യില്‍ അവസാനമാണ്.






