മുംബൈ - ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ കരകയറുന്നു. 91 റണ്‍സിന് ഏഴാം വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ഗ്ലെന്‍ മാക്‌സ്‌വെലും (76 പന്തില്‍ 100 നോട്ടൗട്ട്) ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും (35 പന്തില്‍ 8 നോട്ടൗട്ട്) സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. മുപ്പത്തിനാലാം ഓവറില്‍ ഓസ്‌ട്രേലിയ ഏഴിന് 191 റണ്‍സെടുത്തു. കമിന്‍സ് ഒററ്റം ഭദ്രമാക്കുകയും മാക്‌സ്‌വെല്‍ മൂന്ന് സിക്‌സറും 10 ബൗണ്ടറിയുമായി ആഞ്ഞടിക്കുകയുമായിരുന്നു.
മാക്‌സ്‌വെ്ല്‍ പലതവണ പുറത്താവേണ്ടതായിരുന്നു. മാര്‍നസ് ലാബുഷൈന്റെ റണ്ണൗട്ടിന് കാരണക്കാരനായ ഓള്‍റൗണ്ടര്‍ എല്‍.ബി വിധിക്കപ്പെട്ട് ക്രീസ് വിട്ടതായിരുന്നു. എന്നാല്‍ റിവ്യൂ അപ്പീലില്‍ മുജീബുറഹ്മാന്റെ പന്ത് അല്‍പം ഉയര്‍ന്നു പോയതായി കണ്ടെത്തി. പിന്നാലെ മാക്‌സ്‌വെല്‍ ഉയര്‍ത്തിയടിച്ച പന്ത് ഷോട് ഫൈന്‍ലെഗില്‍ മുജീബ് കൈവിട്ടു. പതിനേഴോവറോളം ശേഷിക്കെ 100 റണ്‍സ് മതി ഓസീസിന് ജയിക്കാന്‍.
8.2 ഓവറില്‍ 49 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് നാലു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഓപണര്‍ ഇബ്രാഹിം സദ്‌റാന്റെ സെഞ്ചുറിയോടെ അഞ്ചിന് 291 റണ്‍സെടുത്തിരുന്നു. ആദ്യമായാണ് ഒരു അഫ്ഗാനിസ്ഥാന്‍ താരം ലോകകപ്പില്‍ സെഞ്ചുറിയടിക്കുന്നത്.
ഓസ്‌ട്രേലിയക്ക് രണ്ടാം ഓവറില്‍ തന്നെ ഓപണര്‍ ട്രാവിസ് ഹെഡിനെ (0) നഷ്ടപ്പെട്ടു. പകരം വന്ന മിച്ചല്‍ മാര്‍ഷ് (11 പന്തില്‍ 24) പ്രത്യാക്രമണം അഴിച്ചുവിട്ടെങ്കിലും അധികം വാഴാനായില്ല. ഹെഡിനെ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ച നവീനുല്‍ ഹഖ് വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് മിച്ചലിനെ മടക്കിയത്. അസ്മതുല്ല ഉമര്‍സായി തുടര്‍ച്ചയായ പന്തുകളില്‍ ഡേവിഡ് വാണറെയും (29 പന്തില്‍ 18) ജോഷ് ഇന്‍ഗ്ലിസിനെയും (0) പുറത്താക്കി. ഇന്‍സ്വിംഗറില്‍ വാണറുടെ കുറ്റി തെറിച്ചപ്പോള്‍ ഔട്‌സ്വിംഗറില്‍ ഇന്‍ഗ്ലിസിനെ സ്ലിപ്പില്‍ സദ്‌റാന്‍ പിടിച്ചു. ഹാട്രിക് പന്ത് ഗ്ലെന്‍ മാക്‌സ്‌വെലിന്റെ ബാറ്റിലുരസിയെങ്കിലും വിക്കറ്റ്കീപ്പറുടെ കൈയിലേക്കെത്തിയില്ല. മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെയും (6) മിച്ചല്‍ സ്റ്റാര്‍ക്കിനെയും (3) റാഷിദ് ഖാന്‍ പുറത്താക്കി. സ്റ്റാര്‍ക്കിനെ വിക്കറ്റ്കീപ്പര്‍ അദ്ഭുതകരമായി പിടിക്കുകയായിരുന്നു. റിവ്യൂ ചെയ്യാതെ സ്റ്റാര്‍ക്ക് ക്രീസ് വിട്ടു. എന്നാല്‍ പന്ത് ബാറ്റില്‍ സ്പര്‍ശിച്ചിട്ടില്ലെന്ന് റീപ്ലേ തെളിയിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ഇന്നിംഗ്‌സിലേറെയും ബൗളിംഗിന് മേല്‍ ആധിപത്യം നേടാനായില്ല. ഓപണര്‍ ഇബ്രാഹിം സദ്‌റാന്‍ 131 പന്തില്‍ ഏഴ ബൗണ്ടറിയുമായി സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം സിക്‌സറോടെ അത് ആഘോഷിച്ചു. ആദ്യമായാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ താരം സെഞ്ചുറിയടിക്കുന്നത്.
റഹമാനുല്ല ഗുര്‍ബാസ് (25 പന്തില്‍ 21) റഹമത് ഷാ (44 പന്തില്‍ 30), അസ്മതുല്ല ഉമര്‍സായ് (43 പന്തില്‍ 26) എന്നിവരെല്ലാം നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു.
ഓസ്‌ട്രേലിയ ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചു.






