പാലക്കാട്- നല്ലേപ്പിള്ളിയില്‍ ഭാര്യയെ നടുറോഡിലിട്ട് തലക്കടിച്ചു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം മാണിക്കത്ത് കളം ഉദയന്റെ മകള്‍ ഊര്‍മ്മിള(33)യാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് കൊഴിഞ്ഞാമ്പാറ പുത്തന്‍പാത സജീഷ് എന്ന കുട്ടനെ(37) ചിറ്റൂര്‍ പോലീസ്, വീട്ടിലെത്തി അറസ്റ്റ് ചെയ്തു. രാവിലെ ഏഴു മണിയോടെ ഊര്‍മ്മിളയുടെ വീടിനടുത്തു വെച്ചായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് പത്തു മാസമായി ഇരുവരും അകന്നു കഴിയുകയാണ്. വാളയാറിലെ സ്വകാര്യ ബിയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി രാവിലെ അവിടേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. റോഡില്‍ വെച്ച് ആണി പറിക്കുന്നതിനുപയോഗിക്കുന്ന ലിവര്‍ കൊണ്ട് സജീഷ് തലക്കടിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച നിലയില്‍ ഊര്‍മ്മിള സമീപത്തെ പാടത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സജീഷ് പിന്തുടര്‍ന്ന് ആക്രമിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ യുവാവ്, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഊര്‍മ്മിളയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സജീഷ് ഭാര്യയെ സമാനമായ രീതിയില്‍ ആക്രമിച്ചിരുന്നു. അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ആ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് യുവാവ് പുറത്തിറങ്ങിയതേയുള്ളൂ.
നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്ന ഊര്‍മ്മിള ആ ബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് 2019ല്‍ സജീഷിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നു. പ്രശ്‌നം ഗുരുതരമായതോടെ പത്തു മാസം മുമ്പ് ഊര്‍മ്മിള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. അകന്ന് കഴിയുമ്പോഴും സജീഷ് പതിവായി ഭാര്യയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഊര്‍മ്മിള ഫോണെടുക്കില്ല. അത്തരമൊരു സാഹചര്യത്തിലാണ് യുവാവ് മെയ് 18ന് ഭാര്യയെ വീട്ടില്‍ കയറി വെട്ടിയത്. ആ കേസില്‍ ജയില്‍ ശിക്ഷ കിട്ടിയതോടെ വാശി കൂടി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെത്തന്നെയാണ് അയാള്‍ ഇന്നു രാവിലെ റോഡരികില്‍ ഭാര്യയെ കാത്തു നിന്നത് എന്ന് പോലീസ് അറിയിച്ചു. അടിക്കാന്‍ ഉപയോഗിച്ച ഇരുമ്പു ലിവര്‍ പാടത്തു തന്നെ ഉപേക്ഷിച്ചാണ് ആള്‍ വീട്ടിലേക്ക് മടങ്ങിയത്. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ എതിര്‍പ്പു കാണിക്കാതെ കീഴടങ്ങി. ഇറച്ചിക്കടകളില്‍ നിന്ന് മാംസാവശിഷ്ടങ്ങള്‍ ശേഖരിച്ച് മീന്‍ വളര്‍ത്തുന്നവര്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് യുവാവിന്റെ ജോലി.
കൊലപാതകത്തിന് ഉപയോഗിച്ച ലിവര്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഊര്‍മ്മിളയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഊര്‍മ്മിളയുടെ അമ്മ ഉഷ. മക്കള്‍- അതുല്യ, ജിതുല്യ. സഹോദരങ്ങള്‍- ഉമേഷ്, വിമേഷ്.