VIDEO ഇസ്രായിലിന്റെ അയണ്‍ ഡോം തളര്‍ന്നു; മിസൈലുകളില്‍നിന്ന് വിമാനം രക്ഷപ്പെട്ട വീഡിയോ വൈറലായി

ടെല്‍അവീവ്- ഇസ്രായിലില്‍ അയണ്‍ ഡോം റോക്കറ്റുകളെ മറികടന്ന് പാസഞ്ചര്‍ വിമാനം ലാന്‍ഡ് ചെയ്യുന്ന വീഡിയോ വൈറലായി. ടിബിലിസിയില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ്  ടെല്‍ അവീവില്‍ ലാന്‍ഡ് ചെയ്തത്.
അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനം ആകാശത്തേക്ക് വിട്ട മിസൈലുകള്‍ പൊട്ടിത്തെറിക്കുന്ന കൃത്യമായ നിമിഷത്തില്‍ ബോയിംഗ് 737 ഇസ്രായിലില്‍ പറന്നിറങ്ങുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. എക്‌സിലും  മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
യുക്രെയ്‌നിലെ ആഭ്യന്തര മന്ത്രിയുടെ ഉപദേശകനായ ആന്റണ്‍ ജെറാഷ്‌ചെങ്കോ ഉള്‍പ്പെടെ നിരവധി ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടും.
ടെല്‍ അവീവ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്  അയണ്‍ ഡോമില്‍ നിന്നുള്ള  പ്രതിരോധ മിസൈലുകളെന്ന് കരുതപ്പെടുന്ന നാല് വന്‍ സ്‌ഫോടനങ്ങളാണ് വീഡിയോ ക്ലിപ്പില്‍ കാണിക്കുന്നത്.
ആകാശത്തുണ്ടായ സ്‌ഫോടനത്തിന് സമീപമാണ് വിമാനം കാണുന്നത്. രണ്ട് റോക്കറ്റുകള്‍ പൊട്ടിത്തെറിക്കുന്നു. 15 മിനിറ്റ് വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് ഫ്‌ലൈറ്റ് റഡാര്‍ ഡാറ്റ കാണിക്കുന്നു.
സംഭവത്തെക്കുറിച്ച് വിമാനത്താവളമോ എയര്‍ലൈനോ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
കനത്ത വ്യോമാക്രമണം നടന്ന രാത്രിയാണ് വിമാനം ഇസ്രായില്‍ നഗരത്തിലെത്തിയത്.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയാന്‍ 2011 ലാണ് ഇസ്രായില്‍ റോക്കറ്റ് പ്രതിരോധ സംവിധാനം സജീവമാക്കിയത്. ഒരു ദശാബ്ദത്തിലേറെയായി ഇസ്രായിലിന് നേരെ തൊടുത്ത ആയിരക്കണക്കിന് റോക്കറ്റുകളെ അത് തടഞ്ഞു.

സമീപത്തുനിന്ന് വരുന്ന റോക്കറ്റുകള്‍ കണ്ടെത്താനും അവയെ തടസ്സപ്പെടുത്താനും റഡാറുകളെയാണ് അയണ്‍ ഡോം ആശ്രയിക്കുന്നത്.  ഓരോ ബാറ്ററിയിലും മൂന്നോ നാലോ ലോഞ്ചറുകളും 20 മിസൈലുകളും ഒരു റഡാറും ഉണ്ടെന്ന് ഇസ്രായിലിന്റെ റാഫേല്‍ ഡിഫന്‍സ് സിസ്റ്റവുമായി സഹകരിച്ച് നിര്‍മ്മിച്ച യുഎസ് പ്രതിരോധ ഭീമനായ റെയ്തിയോണ്‍ പറയുന്നു.
റഡാര്‍ ഒരു റോക്കറ്റിനെ കണ്ടെത്തിക്കഴിഞ്ഞാല്‍, സിസ്റ്റം അതിന്റെ പാത ട്രാക്ക് ചെയ്യുകയും അതിനെ തടസ്സപ്പെടുത്താന്‍ ഒരു മിസൈല്‍ വിക്ഷേപിക്കുകയും ചെയ്യുന്നു. റോക്കറ്റ് ജനവാസ മേഖലയിലേക്ക് നീങ്ങിയാല്‍ മാത്രമേ മിസൈല്‍ വിക്ഷേപിക്കുകയുള്ളൂ. ഇല്ലെങ്കില്‍, റോക്കറ്റ് ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കും. അങ്ങനെ മിസൈലുകള്‍ ലാഭിക്കകുയം ചെയ്യുന്നു.
അയണ്‍ ഡോം ഏകദേശം 90 ശതമാനം ഫലപ്രദമാണെന്നാണ് റഫേലിന്റെ അഭിപ്രായം. എന്നാല്‍ ഹമാസിന്റെ ആക്രമണം ഏറ്റവും കടുത്ത വെല്ലുവിളിയായി ഉയര്‍ന്നിട്ടുണ്ട്. റോക്കറ്റുകളുടെ വന്‍തോതിലുള്ള കുത്തൊഴുക്കുണ്ടായാല്‍ അയണ്‍ ഡോം സംവിധാനം മൊത്തത്തില്‍  തളര്‍ന്നുപോകുന്നു.

 

Latest News