ശാഖിബിനെ പിന്തുണച്ച് ഹര്‍ഷ, മാത്യൂസ് ഔട്ടാണെന്ന് കമന്റേറ്റര്‍

ന്യൂദല്‍ഹി - ലോകകപ്പില്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലൊ മാത്യൂസിനെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന്റെ അപ്പീലിനെത്തുടര്‍ന്ന് അമ്പയര്‍ ടൈംഡ് ഔട്ടാക്കിയതിനെ എതിര്‍ത്തും അനുകൂലിച്ചും പ്രമുഖര്‍. ഒരു ബാറ്റര്‍ പുറത്തായാല്‍ അടുത്തയാള്‍ രണ്ടു മിനിറ്റിനകം ബൗളിംഗ് നേരിടാന്‍ തയാറായി ക്രീസില്‍ നില്‍ക്കണമെന്നാണ് ചട്ടം. മാത്യൂസ് മൂന്നു മിനിറ്റ് കഴിഞ്ഞിട്ടും തയാറായിട്ടില്ലെന്നാണ് അമ്പയര്‍ വിധിച്ചത്. അഞ്ച് സെക്കന്റ് ശേഷിക്കെ തയാറായിരുന്നുവെന്നും എന്നാല്‍ ഹെല്‍മറ്റിന്റെ വള്ളി പൊട്ടിയതിനാലാണ് സമയം വൈകിയതെന്നും മാത്യൂസ് വാദിക്കുന്നു. മത്സര ശേഷം ഇരു ടീമിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്യാന്‍ തയാറായില്ല. മത്സരത്തിനിടയിലും പലതവണ ഉരസി. 

ശാഖിബിന് പറയാനുള്ളത്
അപ്പീല്‍ ചെയ്തതില്‍ പശ്ചാത്താപമില്ല. ടീമംഗങ്ങളിലൊരാളാണ് അപ്പീല്‍ ചെയ്താല്‍ മാത്യൂസ് ഔട്ടാവുമെന്ന് അറിയിച്ചത്. അപ്പീല്‍ ചെയ്തപ്പോള്‍ അമ്പയര്‍മാര്‍ ചോദിച്ചു തമാശയാണോ, ഗൗരവത്തിലാണോയെന്ന്. അപ്പീല്‍ പിന്‍വലിക്കുന്നോയെന്നും ചോദിച്ചു. ഇല്ലെന്ന് മറുപടി നല്‍കി. നിയമം അങ്ങനെയാണെങ്കില്‍, ശരിയും തെറ്റും ചികയുന്നതില്‍ അര്‍ഥമില്ല. ഞാനൊരു യുദ്ധത്തിലാണ്. അപ്പോള്‍ എന്റെ ടീം ജയിക്കാന്‍ ആവശ്യമായ തീരുമാനമെടുക്കണം. അതിനു വേണ്ട എല്ലാ വഴിയും സ്വീകരിക്കണം. അത് ശരിയോ തെറ്റോ എന്നൊക്കെ വിവാദമുണ്ടാവാം. പക്ഷെ നിയമം അനുവദിക്കുന്ന വഴിയില്‍ തീരുമാനമെടുക്കുന്നതില്‍ വിഷമമില്ല. അണ്ടര്‍-19 ക്രിക്കറ്റ് മുതല്‍ മാത്യൂസിനെ അറിയാം. എന്നാല്‍ നിയമം എല്ലാവരും പാലിക്കണം.

മാത്യൂസിന് പറയാനുള്ളത്
ഒരു കളിക്കാരനും ടീമും ഇത്ര തരംതാഴുന്നത് 15 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഞാന്‍ കാണുന്നത്. ഒരു മിനിറ്റ് 55 സെക്കന്റാവുമ്പോഴേക്കും ഞാന്‍ ബൗളിംഗ് നേരിടാന്‍ തയാറായിരുന്നു. ഹെല്‍മറ്റ് സ്ട്രാപ് പൊട്ടിയത് നിര്‍ഭാഗ്യകരമാണ്. ഹെല്‍മറ്റ് ഇല്ലാതെ ബൗളിംഗ് നേരിടുന്നത് ജീവന് ഭീഷണിയാണ്. അത് അമ്പയര്‍മാര്‍ക്കുമറിയാം. മറ്റൊരു ടീമും ഇങ്ങനെയൊരവസരത്തില്‍ അപ്പീല്‍ ചെയ്യില്ല. അമ്പയര്‍മാര്‍ അഭ്യര്‍ഥിച്ചിട്ടും ശാഖിബ് അപ്പീല്‍ പിന്‍വലിക്കാന്‍ തയാറായില്ല. വിക്കറ്റ് നേടാനായി ഇത്ര തരംതാഴാമെങ്കില്‍ എവിടെയോ കുഴപ്പമുണ്ട്. മങ്കാദിംഗോ, ഫീല്‍ഡിംഗ് തടയലോ ആയിരുന്നുവെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍ ഇത് വ്യക്തമായി ഉപകരണത്തിന് തകരാറ് സംഭവിച്ചതാണ്. ഹെല്‍മറ്റ് അമ്പയര്‍മാരെ കാണിച്ചപ്പോള്‍ ശാഖിബ് അപ്പീല്‍ ചെയ്ത സ്ഥിതിക്ക് നിസ്സഹായരാണ് എന്നാണ് പറഞ്ഞത്. സാമാന്യബുദ്ധി ഉപയോഗിക്കാന്‍ അവരോട് പറഞ്ഞുനോക്കി. ഈ സംഭവത്തോടെ ശാഖിബിനെയും ബംഗ്ലാദേശ് ടീമിനെയും കുറിച്ച തന്റെ ധാരണ മാറി. സമയം പാഴാക്കാന്‍ ശ്രമിച്ചിട്ടില്ല. മറ്റെന്തെങ്കിലും രീതിയില്‍ മുന്‍തൂക്കം നേടാന്‍ ശ്രമിച്ചിട്ടില്ല. 

ഇരട്ടത്താപ്പോ?
മാത്യൂസ് നായകനായ ശ്രീലങ്കന്‍ ടീം 2014 ല്‍ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെ മങ്കാദിംഗ് നടത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെക്കുരിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും പലരും ചൂണ്ടിക്കാട്ടി. മങ്കാദിംഗിന്റെ കാര്യത്തില്‍ പന്തെറിയും മുമ്പെ ഓടുന്നുണ്ടെന്നും മാത്രമല്ല രണ്ടു തവണ വാണിംഗ് നല്‍കിയിരുന്നുവെന്നുമാണ് മാത്യൂസിന്റെ വാദം. മത്സര ശേഷം ബംഗ്ലാദേശ് ടീമിന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച ശ്രീലങ്കക്കാര്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെക്കുറിച്ച് പറയുന്നതിലെ വൈരുധ്യം പലരും ചൂണ്ടിക്കാട്ടി. 

അനുകൂലിച്ച് ഹര്‍ഷ
ശാഖിബിനെ അനുകൂലിച്ച് മുന്നോട്ടുവന്നവരില്‍ പ്രമുഖന്‍ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയാണ്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനായി വാദിക്കുന്നത് നിയമമറിയാത്തവരോ തെറ്റ് സംഭവിച്ചവരോ ആണ്. നിയമമനുസരിച്ച് മാത്യൂസ് ഔട്ടാണ് -ഹര്‍ഷ എഴുതി. നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ടോയെന്നു മാത്രമേ നോക്കേണ്ടൂ എന്ന് മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റനും മാച്ച് റഫറിയുമായ റാഖിബുല്‍ ഹസനും പറഞ്ഞു. 
എന്നാല്‍ ബംഗ്ലാദേശില്‍ നിന്നു തന്നെ പലരും ശാഖിബിനെതിരെ രംഗത്ത് വന്നു. ഇങ്ങനെ ഒരു കളിക്കാരനെ പുറത്താക്കേണ്ട ആവശ്യമുണ്ടോയെന്ന ചോദ്യം ശാഖിബ് നേരിടുമെന്ന് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ ഗാസി അശ്‌റഫ് ഹുസൈന്‍ ഓര്‍മിപ്പിച്ചു. ആരെങ്കിലും അന്യായമായി മുന്‍തൂക്കം നേടാതിരിക്കാനാണ് ആ നിയമമെന്നും അതുണ്ടാവാത്തതിനാല്‍ ശാഖിബ് അപ്പീല്‍ പിന്‍വലിക്കേണ്ടതായിരുന്നുവെന്നും മുന്‍ ബംഗ്ലാദേശ് ഓപണര്‍ ജാവേദ് ഉമര്‍ അഭിപ്രായപ്പെട്ടു. 

Latest News