Sorry, you need to enable JavaScript to visit this website.

തീയതി ഓര്‍മയുണ്ടെങ്കില്‍ വാട്‌സ്ആപ്പില്‍ ഓഡിയോ ക്ലിപ്പുകളും തിരയാം, പുതിയ ഫീച്ചര്‍ കൊള്ളാം

വെബ് പതിപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. തീയതി നല്‍കി സെര്‍ച്ച് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രത്യേക തീയതിയില്‍ അയച്ചതോ സ്വീകരിച്ചതോ ആയ സന്ദേശങ്ങള്‍ തിരയാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. മെസേജ് തിരയാനുള്ള വാക്കുകളൊന്നും ഓര്‍മയില്ലെങ്കില്‍ ഒരു സന്ദേശം കണ്ടുപിടിക്കാന്‍ ഇത് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാകും. കീവേഡുകള്‍ ഓര്‍മയില്ലെങ്കിലും സന്ദേശം എപ്പോഴാണ് അയച്ചത് എന്നതിനെക്കുറിച്ച് പൊതുവായ ധാരണയുണ്ടാകും.
വീഡിയോകളും വോയ്‌സ് നോട്ടുകളും പോലുള്ള തിരയാനാകുന്ന ടെക്‌സ്റ്റ് ഉള്ളടക്കം ഇല്ലാത്ത സന്ദേശങ്ങള്‍ക്കായി തിരയാനും ഇത് ഉപയോക്താക്കളെ സഹായിക്കും.
വാട്‌സ്ആപ്പിലെ പുതുമകള്‍ മുന്‍കൂട്ടി ഉപയോക്താക്കളില്‍ എത്തിക്കുന്ന വാബീറ്റഇന്‍ഫോ ആണ് വാട്‌സ്ആപ്പ് വെബ് ബീറ്റ 2.2348.50 ലെ പുതിയ ഫീച്ചര്‍ കണ്ടെത്തിയത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വെബ് പതിപ്പില്‍ സന്ദേശങ്ങള്‍ക്കായി തിരയുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ കലണ്ടര്‍ ഐക്കണ്‍ ചേര്‍ത്തിട്ടുണ്ട്.
വാട്‌സ്ആപ്പ് വെബിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലുള്ള കുറച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ നിലവില്‍ ലഭ്യമാണ്.
വാട്‌സ്ആപ്പ് വെബിലെ പുതിയ സെര്‍ച്ച് ബൈ ഡേറ്റ് ഫീച്ചര്‍ ഒരു സന്ദേശം അയച്ചതോ സ്വീകരിച്ചതോ ആയ തീയതിയെ അടിസ്ഥാനമാക്കി വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് വാബീറ്റഇന്‍ഫോ പങ്കിട്ട വിശദാംശങ്ങളില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പുതുതായി ചേര്‍ത്ത ഐക്കണില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഒരു നിശ്ചിത തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനോടുകൂടിയ കലണ്ടര്‍  തുറക്കുന്നു. തീയതി സെലക്ട് ചെയ്താല്‍ ആ ദിവസത്തെ സന്ദേശങ്ങള്‍ ലിസ്റ്റ് ചെയ്യും.
വാട്‌സ്ആപ്പ് അടുത്തിടെ ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് എന്നിവയ്ക്കായുള്ള ആപ്പുകളില്‍ മറ്റൊരു ഫീച്ചര്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
ആപ്പില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇ മെയില്‍ വെരിഫിക്കേഷനാണ് ലഭ്യമാക്കിയത്.  വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലേക്ക് ലോഗിന്‍ ചെയ്യുന്നതിനുള്ള ഒരു ബദല്‍ രീതിയാണ് ഇത്.  ലോഗിന്‍ ഒ.ടി.പി ഫോണില്‍ ലഭിക്കാതിരിക്കുമ്പോള്‍ ഇത് ഉപയോഗപ്രദമാകും.
ചാനലുകളില്‍ പോള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനും വാട്‌സ്ആപ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഗൂപ്പ് ചാറ്റുകളില്‍ പങ്കിടുന്ന വോട്ടെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ വോട്ട് വിവരങ്ങള്‍ രഹസ്യമായിരിക്കും. ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വോട്ടെടുപ്പുകളിലെ പരിഷ്‌കാരം.

 

Latest News