ന്യൂദല്‍ഹി - ക്രിക്കറ്റ് ലോകത്ത് വന്‍ കൊടുങ്കാറ്റഴിച്ചുവിട്ട ടൈംഡ് ഔട് വിവാദത്തിന് പിന്നാലെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ശഅരീലങ്കക്കെതിരായ വിവാദ മത്സരത്തില്‍ ബാറ്റ് ചെയ്യവെ ശാഖിബിന്റെ വിരലിന് ക്ഷതമേറ്റിരുന്നു. ശാഖിബിന്റെ അപ്പീലിനെത്തുടര്‍ന്ന് ശ്രീലങ്കയുടെ ആഞ്ചലൊ മാത്യൂസിനെ അമ്പയര്‍ ടൈംഡ് ഔട്ടായി പുറത്താക്കിയിരുന്നു. 146 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.
ബാറ്റിംഗിന്റെ തുടക്കത്തില്‍ ശാഖിബിന്റെ ഇടതു ചൂണ്ടുവിരലിന് പന്ത് കൊണ്ടാണ് പരിക്കേറ്റത്. ബാന്‍ഡേജ് ചെയ്തും വേദനാസംഹാരിയടിച്ചുമാണ് ബാറ്റ് ചെയ്തത്. മത്സരത്തിനു ശേഷം നടത്തി എക്‌സ്‌റേ പരിശോധനയില്‍ വിരലൊടിഞ്ഞതായി കണ്ടെത്തി. നാലാഴ്ചയെങ്കിലുമെടുക്കും പരിക്ക് ഭേദമാവാന്‍. 65 പന്തില്‍ 82 റണ്‍സെടുത്ത ശാഖിബായിരുന്നു മാന്‍ ഓഫ് ദ മാച്ച്. അന്‍ആമുല്‍ ഹഖ് ബിജോയിയെ പകരം ടീമിലുള്‍പെടുത്തി.
ലോകകപ്പില്‍ സെമിഫൈനല്‍ പ്രതീക്ഷ നഷ്ടപ്പെട്ട ബംഗ്ലാദേശിന് ഒരു കളി കൂടിയേ ബാക്കിയുള്ളൂ. ശനിയാഴ്ച പൂനെയില്‍ അവര്‍ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.






