ചെന്നൈ - ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയ് ഇനി ഔദ്യോഗികമായി തമിഴ്‌നാടിന്റെ കളിക്കാരന്‍. കേരളം കായികതാരങ്ങളെ പിന്തുണക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രണോയ് തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ പ്രണോയ് തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നതിന് മുന്നോടിയായി കേരളാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ തമിഴ്‌നാട് അസോസിയേഷന് അനുമതി പത്രം കൈമാറി. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു പ്രണോയ്.
തമിഴ്‌നാടുമായി ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മുപ്പത്തൊന്നുകാരന്‍ പറഞ്ഞു. കായികതാരങ്ങളെ പിന്തുണക്കുന്നതില്‍ തമിഴ്‌നാടിന്റെ നിലപാട് പ്രശംസനീയമാണ്. സംസ്ഥാന സര്‍ക്കാര്‍ കളിക്കാരെ സഹായിക്കുന്നതിനൊരുക്കിയ സംവിധാനങ്ങളില്‍ എല്ലാവരും സന്തുഷ്ടരാണ്. സ്‌പോര്‍ട്‌സില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇത് ഗുണം ചെയ്യും -പ്രണോയ് പറഞ്ഞു.
തമിഴ്‌നാടിനു വേണ്ടി ആഭ്യന്തര മത്സരങ്ങളില്‍ വലുതായൊന്നും ചെയ്യാനാവില്ലെന്ന് പ്രണോയ് സൂചന നല്‍കി. ഇന്റര്‍നാഷനല്‍ മത്സരങ്ങളുടെ തിരക്കില്‍ അധികം സമയം ലഭിക്കില്ല. ഒരു പതിറ്റാണ്ടോളം ഉന്നത തലത്തില്‍ കളിച്ചയാളെന്ന നിലയില്‍ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാന്‍ സാധിക്കും. പുതുതലമുറക്ക് അത് ഗുണം ചെയ്യും. ഒരു അക്കാദമി തുടങ്ങുന്നതിനെക്കാള്‍ കളിക്കാരുടെ വളര്‍ച്ചക്കനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിലാണ് കാര്യമെന്നും ചാമ്പ്യന്മാരെയും ഒളിംപിക് മെഡലിസ്റ്റുകളെയും രൂപപ്പെടുത്താന്‍ അതുവഴി സാധിക്കുമെന്നും പ്രണോയ് അഭിപ്രായപ്പെട്ടു.






