ഓസീസ് മുന്‍നിര മുട്ടുകുത്തി, ജയം മണത്ത് അഫ്ഗാനിസ്ഥാന്‍

മുംബൈ - ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെ മുന്‍നിര മുട്ടുകുത്തി. 8.2 ഓവറില്‍ 49 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് നാലു വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഓപണര്‍ ഇബ്രാഹിം സദ്‌റാന്റെ സെഞ്ചുറിയോടെ അഞ്ചിന് 291 റണ്‍സെടുത്തിരുന്നു. ആദ്യമായാണ് ഒരു അഫ്ഗാനിസ്ഥാന്‍ താരം ലോകകപ്പില്‍ സെഞ്ചുറിയടിക്കുന്നത്. 
ഓസ്‌ട്രേലിയക്ക് രണ്ടാം ഓവറില്‍ തന്നെ ഓപണര്‍ ട്രാവിസ് ഹെഡിനെ (0) നഷ്ടപ്പെട്ടു. പകരം വന്ന മിച്ചല്‍ മാര്‍ഷ് (11 പന്തില്‍ 24) പ്രത്യാക്രമണം അഴിച്ചുവിട്ടെങ്കിലും അധികം വാഴാനായില്ല. ഹെഡിനെ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ച നവീനുല്‍ ഹഖ് വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് മിച്ചലിനെ മടക്കിയത്. അസ്മതുല്ല ഉമര്‍സായി തുടര്‍ച്ചയായ പന്തുകളില്‍ ഡേവിഡ് വാണറെയും (29 പന്തില്‍ 18) ജോഷ് ഇന്‍ഗ്ലിസിനെയും (0) പുറത്താക്കി. ഇന്‍സ്വിംഗറില്‍ വാണറുടെ കുറ്റി തെറിച്ചപ്പോള്‍ ഔട്‌സ്വിംഗറില്‍ ഇന്‍ഗ്ലിസിനെ സ്ലിപ്പില്‍ സദ്‌റാന്‍ പിടിച്ചു. ഹാട്രിക് പന്ത് ഗ്ലെന്‍ മാക്‌സ്‌വെലിന്റെ ബാറ്റിലുരസിയെങ്കിലും വിക്കറ്റ്കീപ്പറുടെ കൈയിലേക്കെത്തിയില്ല. 
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ഇന്നിംഗ്‌സിലേറെയും ബൗളിംഗിന് മേല്‍ ആധിപത്യം നേടാനായില്ല. ഓപണര്‍ ഇബ്രാഹിം സദ്‌റാന്‍ 131 പന്തില്‍ ഏഴ ബൗണ്ടറിയുമായി സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം സിക്‌സറോടെ അത് ആഘോഷിച്ചു. ആദ്യമായാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ താരം സെഞ്ചുറിയടിക്കുന്നത്. 
റഹമാനുല്ല ഗുര്‍ബാസ് (25 പന്തില്‍ 21) റഹമത് ഷാ (44 പന്തില്‍ 30), അസ്മതുല്ല ഉമര്‍സായ് (43 പന്തില്‍ 26) എന്നിവരെല്ലാം നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു. 
ഓസ്‌ട്രേലിയ ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചു.
 

Latest News