പൊട്ടിത്തെറിച്ച് മാത്യൂസ്, ഇത്ര നീചമായ ടീമിനെ കണ്ടിട്ടില്ല

ന്യൂദല്‍ഹി - ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും ബംഗ്ലാദേശ് ടീമിനുമെതിരെ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലൊ മാത്യൂസ്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. 
ഒരു കളിക്കാരനും ടീമും ഇത്ര തരംതാഴുന്നത് 15 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഞാന്‍ കാണുന്നത്. ഒരു മിനിറ്റ് 55 സെക്കന്റാവുമ്പോഴേക്കും ഞാന്‍ ബൗളിംഗ് നേരിടാന്‍ തയാറായിരുന്നു. ഹെല്‍മറ്റ് സ്ട്രാപ് പൊട്ടിയത് നിര്‍ഭാഗ്യകരമാണ്. ഹെല്‍മറ്റ് ഇല്ലാതെ ബൗളിംഗ് നേരിടുന്നത് ജീവന് ഭീഷണിയാണ്. അത് അമ്പയര്‍മാര്‍ക്കുമറിയാം. മറ്റൊരു ടീമും ഇങ്ങനെയൊരവസരത്തില്‍ അപ്പീല്‍ ചെയ്യുമായിരുന്നില്ല. അമ്പയര്‍മാര്‍ അഭ്യര്‍ഥിച്ചിട്ടും ശാഖിബ് അപ്പീല്‍ പിന്‍വലിക്കാന്‍ തയാറായില്ല. വിക്കറ്റ് നേടാനായി ഇത്ര തരംതാഴാമെങ്കില്‍ എവിടെയോ കുഴപ്പമുണ്ട്. മങ്കാദിംഗോ, ഫീല്‍ഡിംഗ് തടയലോ ആയിരുന്നുവെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍ ഇത് വ്യക്തമായി ഉപകരണത്തിന് തകരാറ് സംഭവിച്ചതാണ്. ഹെല്‍മറ്റ് അമ്പയര്‍മാരെ കാണിച്ചപ്പോള്‍ ശാഖിബ് അപ്പീല്‍ ചെയ്ത സ്ഥിതിക്ക് നിസ്സഹായരാണ് എന്നാണ് പറഞ്ഞത്. സാമാന്യബുദ്ധി ഉപയോഗിക്കാന്‍ അവരോട് പറഞ്ഞുനോക്കി. ഈ സംഭവത്തോടെ ശാഖിബിനെയും ബംഗ്ലാദേശ് ടീമിനെയും കുറിച്ച തന്റെ ധാരണ മാറിയെന്ന് മാത്യൂസ് പറഞ്ഞു. 
അണ്ടര്‍-19 ക്രിക്കറ്റ് മുതല്‍ മാത്യൂസിനെ അറിയാമെന്നും എന്നാല്‍ നിയമം എല്ലാവരും പാലിക്കണമെന്നുമാണ് ശാഖിബ് പ്രതികരിച്ചത്. താന്‍ സമയം പാഴാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മറ്റെന്തെങ്കിലും രീതിയില്‍ മുന്‍തൂക്കം നേടാന്‍ ശ്രമിച്ചിട്ടില്ലെന്നും മാത്യൂസ് വാദിച്ചു. 'ഞങ്ങളെല്ലാം ക്രിക്കറ്റിന്റെ അംബാസഡര്‍മാരാണ്. അതിനെ ആദരിക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ ഒന്നും പറയാനില്ല'.
മത്സര ശേഷം ഇരു ടീമിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്യാന്‍ തയാറായില്ല. മത്സരത്തിനിടയിലും പലതവണ ഉരസി. 
ബൗളിംഗ് അഭിമുഖീകരിക്കാന്‍ രണ്ട് മിനിറ്റിലേറെ സമയമെടുത്തതിനാണ് മാത്യൂസ് പുറത്തായത്. എതിര്‍ ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍മാര്‍ക്ക് മാത്യൂസിനെ പുറത്താക്കുകയല്ലാതെ വഴിയില്ലാതായി. എന്നാല്‍ രണ്ട് മിനിറ്റ് ആവും മുമ്പെ ബൗളിംഗ് നേരിടാന്‍ തയാറായിരുന്നുവെന്നും ഹെല്‍മറ്റ് ശരിയാക്കാന്‍ സ്ട്രാപ്പ് വലിക്കവെ അത് പൊട്ടിയതിനാലാണ് സമയം വൈകിയതെന്നുമുള്ള വാദം ശക്തമാണ്. എന്നാല്‍ ഇക്കാര്യം മാത്യൂസ് അമ്പയര്‍മാരെ ധരിപ്പിച്ചിരുന്നില്ല. പിന്നീട് ബംഗ്ലാദേശ് ബാറ്റ് ചെയ്തപ്പോള്‍ ശാഖിബ് 82 റണ്‍സടിച്ചെങ്കിലും പുറത്താക്കിയത് മാത്യൂസാണ്.

എന്താണ് നിയമം?
ചട്ടമനുസരിച്ച് ഒരു വിക്കറ്റ് വീണ ശേഷം രണ്ടു മിനിറ്റിനകം പുതിയ ബാറ്റര്‍ ബൗളറെ അഭിമുഖീകരിക്കാന്‍ തയാറായിരിക്കണം. മാത്യൂസ് രണ്ടു മിനിറ്റിലേറെ ശാഖിബ് അപ്പീല്‍ ചെയ്യുകയും അമ്പയര്‍ മറായ്‌സ് എറാസ്മസ്് സഹ അമ്പയര്‍ റിച്ചാഡ് ഇല്ലിംഗ്‌വര്‍ത്തുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തിയ ശേഷം വിധി പ്രഖ്യാപിക്കുകയുമായിരുന്നു. 3.49 നാണ് സമരവിക്രമ ഔട്ടായത്. മാത്യൂസ് ഔട്ടായി വിധിച്ചത് 3.54 നും. അതായത് മാത്യൂസിന് മൂന്നു മിനിറ്റിലേറെ സമയം അമ്പയര്‍മാര്‍ അനുവദിച്ചിരുന്നു. 

സംഭവിച്ചത്
ഇരുപത്തഞ്ചാം ഓവറില്‍ സദീര സമരവിക്രമ പുറത്തായ ശേഷം മാത്യൂസ് ക്രീസിലെത്താന്‍ തന്നെ വൈകിയിരുന്നു. ശാഖിബിനെ നേരിടാനുള്ള അവസാന തയാറെടുപ്പിന്റെ ഭാഗമായി വലിച്ചപ്പോള്‍ ഹെല്‍മറ്റ് സ്ട്രാപ്പ് പൊട്ടി. അപ്പോഴേക്കും ഒരു മിനിറ്റ് 55 സെക്കന്റായി. മാത്യൂസ് ആവശ്യപ്പെട്ടതനുസരിച്ച് ചാമിക കരുണരത്‌നെ പുതിയ ഹെല്‍മറ്റുമായി വന്നു. ഈ സമയത്ത് ശാഖിബ് അമ്പയറെ സമീപിച്ചു. അമ്പയര്‍ ഔട്ട് വിധിക്കുമ്പോഴും മാത്യൂസ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ചാമിക പവിലിയനിലേക്ക് മടങ്ങിയിരുന്നുമില്ല. അപ്പോഴേക്കും മൂന്നു മിനിറ്റ് 20 സെക്കന്റെങ്കിലുമായിരുന്നു. 
അമ്പയര്‍ തമാശ പറഞ്ഞതാണ് മാത്യൂസ് ആദ്യം ധരിച്ചത്. കാരണം അപ്പോഴേക്കും ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ അവരുടെ സ്ഥാനങ്ങളിലേക്ക് പോവുകയും ശാഖിബ് ബൗളിംഗിനായി ഒരുങ്ങുകയും ചെയ്തിരുന്നു. ആദ്യം അമ്പയറും പിന്നീട് മാത്യൂസും ശാഖിബുമായി സംസാരിച്ച ശേഷം അന്തിമമായി വിധി പ്രഖ്യാപിച്ചു. പിന്നാലെ മാത്യൂസ് പ്രതിഷേധത്തോടെ മടങ്ങി. ശാഖിബ് തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ബൗണ്ടറി ലൈന്‍ വിട്ടതും മാത്യൂസ് രോഷത്തോടെ ഹെല്‍മറ്റ് വലിച്ചെറിഞ്ഞു. 

Latest News