ആ വിളി എത്തി, കൗമാര വിസ്മയം ബ്രസീല്‍ ടീമില്‍

റിയോഡിജനീറോ - നെയ്മാറിന്റെയും വിനിസിയൂസ് ജൂനിയറിന്റെയും പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന പതിനേഴുകാരന്‍ സ്‌ട്രൈക്കര്‍ എന്‍ഡ്രിക്കിന് ആദ്യമായി ബ്രസീലിന്റെ ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് ക്ഷണം. കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ എന്‍ഡ്രിക് സ്ഥാനം നേടി. ബ്രസീല്‍ ക്ലബ്ബ് പാല്‍മീരാസിന്റെ കളിക്കാരനായ എന്‍ഡ്രിക് അടുത്ത ജൂലൈയില്‍ റയല്‍ മഡ്രീഡില്‍ ചേരാനിരിക്കുകയാണ്. പാല്‍മീരാസ് ബ്രസീല്‍ ചാമ്പ്യന്മാരായത് എന്‍ഡ്രിക്കിന്റെ ഗോളടി മികവിലാണ്. 
16 ന് ബരാന്‍ക്വിയയില്‍ കൊളംബിയയെ നേരിടുന്ന ബ്രസീല്‍ അഞ്ചു ദിവസത്തിനു ശേഷം മാരക്കാനായില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുമായി ഏറ്റുമുട്ടും. വെനിസ്വേലയുമായി സമനില വഴങ്ങുകയും ഉറുഗ്വായോട് തോല്‍ക്കുകയും ചെയ്തതോടെ കോച്ച് ഫെര്‍ണാണ്ടൊ ഡിനിസ് വെല്ലുവിളി നേരിടുകയാണ്. പരിക്കേറ്റ നെയ്മാറിനെയും കസിമീരോയെയും ഒഴിവാക്കി. റിച്ചാര്‍ലിസനെയും തഴഞ്ഞു.
അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഉറുഗ്വായും ബ്രസീലും വെനിസ്വേലയും രണ്ടാം സ്ഥാനം പങ്കിടുന്നു.

Latest News