അഞ്ച് ഗോളുകള്‍ നിഷേധിച്ചു, ടോട്ടനവും തോറ്റു; സിറ്റി മുന്നില്‍

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഭ്രാന്തമായ മത്സരത്തില്‍ ആദ്യം ഗോളടിച്ച ശേഷം ടോട്ടനം 1-4 ന് ചെല്‍സിയോട് തോറ്റു. ലണ്ടന്‍ ടീമുകളുടെ പോരാട്ടത്തില്‍ ഒമ്പതു പേരുമായാണ് ടോട്ടനം കളിയവസാനിപ്പിച്ചത്. ഇതുവരെ പരാജയമറിയാത്ത ചെല്‍സിയും ഈ റൗണ്ടില്‍ തോല്‍വി രുചിച്ചിരുന്നു. അതോടെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒരു പോയന്റിന്റെ ലീഡ് നേടി. 
അഞ്ച് ഗോളുകളാണ് മത്സരത്തില്‍ വീഡിയൊ റിവ്യൂയില്‍ നിഷേധിക്കപ്പെട്ടത്. ടോട്ടനം ഡിഫന്റര്‍മാരായ ക്രിസ്റ്റ്യന്‍ റോമിറൊ 33ാം മിനിറ്റിലും ഡെസ്റ്റിനി ഉദോഗി 55ാം മിനിറ്റിലും ചുവപ്പ് കാര്‍ഡ് കണ്ടു. ഒമ്പതു പേരായിച്ചുരുങ്ങിയതോടെ ടോട്ടനം കോച്ച് ആംഗെ പോസ്റ്റകോഗ്‌ലു വിചിത്രമായ തന്ത്രം പ്രയോഗിച്ചു. പിന്നിലേക്കിറങ്ങി പ്രതിരോധിക്കുന്നതിനു പകരം ഡിഫന്റര്‍മാരോട് കയറി നില്‍ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. എഴുപത്തഞ്ചാം മിനിറ്റ് വരെ ആ തന്ത്രം ഫലപ്രദമായി. പിന്നീട് നിക്കൊളാസ് ജാക്‌സന്റെ ഹാട്രിക്കില്‍ ചെല്‍സി 4-1 ന് ജയിച്ചു. ജാക്‌സന്റെ അവസാന രണ്ട് ഗോളുകള്‍ ഇഞ്ചുറി ടൈമിലായിരുന്നു. 
ആറാം മിനിറ്റില്‍ തന്നെ ദേയാന്‍ കുലുസോവ്‌സ്‌കി ടോട്ടനത്തിന് ലീഡ് സമ്മാനിച്ചിരുന്നു. മുപ്പത്തഞ്ചാം മിനിറ്റില്‍ കോള്‍ പാമറുടെ പെനാല്‍ട്ടിയില്‍ ചെല്‍സി ഒപ്പമെത്തി. ആദ്യ പകുതിയില്‍ മാത്രം നാല് ഗോളുകള്‍ നിഷേധിക്കപ്പെട്ടു. ടോട്ടനം കളിക്കാരായ ജെയിംസ് മാഡിസനും മിക്കി വാന്‍ഡെവെനും പരിക്കേറ്റ് പിന്മാറേണ്ടി വന്നു. 
 

Latest News