Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനധികൃത അഫ്ഗാനി കുടിയേറ്റക്കാരെ പാകിസ്താന്‍ തിരിച്ചയച്ചു

ഇസ്ലാമാബാദ്- അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് 1,70,000 അഫ്ഗാനികള്‍ തിരികെ പോയെന്ന് പാക് അധികൃതര്‍ അറിയിച്ചു.

നവംബര്‍ ഒന്നിനു മുമ്പ് അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിടണമെന്ന് പാക്കിസ്ഥാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷം രാജ്യത്തു തുടരുന്നവരെ അറസ്റ്റ് ചെയ്തു നാടു കടത്തുമെന്നും അറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ നല്‍കിയ സമയപരിധി അവസാനിച്ചതിനു ശേഷം സ്വമേധയാ രാജ്യം വിട്ടു പോകുന്നവര്‍ ധാരാളമാണ്.

ടോര്‍ഖോം അതിര്‍ത്തി വഴിയാണ് അഫ്ഗാന്‍ പൗരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങിയത്. ഞായറാഴ്ച മാത്രം 6,500-ലധികം അഫ്ഗാന്‍ പൗരന്മാര്‍ പാക്കിസ്ഥാനില്‍ നിന്നു മടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.

നിസാര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന അഞ്ഞൂറോളം അഫ്ഗാന്‍ പൗരന്മാരും തിരിച്ചയച്ചവരിലുണ്ട്. സാമ്പത്തിക പ്രതിസന്ധി, വര്‍ധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണു അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്.
ഭീകരപ്രവര്‍ത്തനത്തിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരില്‍ അധികവും അനധികൃത കുടിയേറ്റക്കാരാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാല്‍ കുടിയൊഴിപ്പിക്കലിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

നാലു പതിറ്റാണ്ടിലേറെയായി രാജ്യത്തു താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ബന്ധിതമായി പുറത്താക്കുന്നുണ്ട്. ഭൂരിപക്ഷത്തിനും മടങ്ങാന്‍ സ്വന്തം നാടു പോലുമില്ലെന്നതാണ് അവസ്ഥ. ഇക്കാര്യം കണക്കിലെടുത്ത് ബലപ്രയോഗം പാടില്ലെന്നു യു എന്നും പൗരാവകാശ സംഘടനകളും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവും അഭ്യര്‍ഥിച്ചിരുന്നു.

പാക്കിസ്ഥാനില്‍ 40 ലക്ഷത്തോളം അഫ്ഗാന്‍ വംശജരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പതിനേഴ് ലക്ഷത്തിലധികം പേരും അനധികൃത കുടിയേറ്റക്കാരാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയ ശേഷം പാക്കിസ്ഥാനിലേക്ക് ആറു ലക്ഷത്തോളം പേര്‍ കുടിയേറി പാര്‍ത്തിരുന്നു. വരുംദിവസങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ രാജ്യവ്യാപക തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest News