ഇറാഖില്‍ ഇത്തിഹാദ് തോറ്റു, മുംബൈയില്‍ ഹിലാലിന് ജയം

ഇര്‍ബില്‍/മുംബൈ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിനെ 2-0 ന് ഇറാഖിലെ എയര്‍ഫോഴ്‌സ് ടീം ഞെട്ടിച്ചു. സൗദി ലീഗില്‍ പരുങ്ങുന്ന ഇത്തിഹാദ് ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മൂന്നു കളികളും ജയിച്ചിരുന്നു. അതിലൊന്ന് ജിദ്ദയില്‍ എയര്‍ഫോഴ്‌സിനെതിരെയായിരുന്നു. ഇറാനില്‍ സെപാഹനെതിരായ കളി ബഹിഷ്‌കരിച്ചെങ്കിലും എ.എഫ്.സി ആ മത്സരം 3-0 ന് ഇത്തിഹാദ് ജയിച്ചതായി വിധിച്ചു. മുംബൈയില്‍ 54ാം മിനിറ്റ് മുതല്‍ പത്തു പേരുമായി കളിച്ച മുംബൈ സിറ്റിയെ 2-0 ന് അല്‍ഹിലാല്‍ തോല്‍പിച്ചു. മെഹ്താബ് സിംഗ് ചുവപ്പ് കാര്‍ഡ് കണ്ടതോടെയാണ് മുംബൈ തളര്‍ന്നത്. അറുപത്തിരണ്ടാം മിനിറ്റില്‍ മിഷേലും 86ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചും ലക്ഷ്യം കണ്ടു.
ഇറാഖിലെ ഇര്‍ബിലില്‍ അലി ജാസിമും മുഹമ്മദ് അബ്ദുറഹീമും എയര്‍ഫോഴ്‌സിന്റെ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ജാസിമിന്റെ ഒരു ഷോട്ട് പോസ്റ്റിന് തട്ടിത്തെറിച്ചിരുന്നു. മറ്റൊന്ന് ഗോളി അബ്ദുല്ല ്അല്‍മയൂഫ് തട്ടിയുയര്‍ത്തി. സൗദി ലീഗില്‍ അവസാന അഞ്ചു കളികള്‍ ഇത്തിഹാദിന് ജയിക്കാനായിട്ടില്ല. 
ശസ്ത്രക്രിയ കഴിഞ്ഞ് സ്വദേശമായ ബ്രസീലില്‍ വിശ്രമിക്കുന്ന സൂപ്പര്‍സ്റ്റാര്‍ നെയ്മാറും പരിക്കേറ്റ സെര്‍ജി മിലിന്‍കോവിച് സാവിച്ചുമില്ലാതെയാണ് അല്‍ഹിലാല്‍ മുംബൈയില്‍ കളിച്ചത്. റിയാദിലെ എവേ മത്സരത്തില്‍ മുംബൈ സിറ്റി ആറു ഗോള്‍ വഴങ്ങിയിരുന്നു. നാല് റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഹിലാലിനും ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോര്‍ നമംഗനും 10 പോയന്റ് വീതമാണ്. ഇറാനിലെ നസാജി മസന്ദാരന് മൂന്നു പോയന്റും. മുംബൈ നാലു കളികളും തോറ്റു. ഒരു ഗോള്‍ പോലുമടിച്ചില്ല, 12 ഗോള്‍ വഴങ്ങി. 

Latest News