ഓസ്‌ട്രേലിയxഅഫ്ഗാനിസ്ഥാന്‍
മുംബൈ, നാളെ രാവിലെ 11.30
മുംബൈ - ലോകകപ്പിലെ സെമിഫൈനല്‍ സ്ഥാനം നിശ്ചയിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും നാളെ മുംബൈ വാംഖഡെയില്‍ ഏറ്റുമുട്ടും. ഈ കളി ജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് സെമി ഫൈനലിലെത്താം. എന്നാല്‍ അഫ്ഗാനിസ്ഥാന് അവശേഷിച്ച രണ്ട് കളിയും ജയിച്ചാലേ ബെര്‍ത്തുറപ്പിക്കാനാവൂ.
മത്സരത്തിന് മുമ്പ് ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ വാക് പോര് ആരംഭിച്ചു. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേര് പറഞ്ഞ് തങ്ങളുമായുള്ള പരമ്പര ബഹിഷ്‌കരിച്ച ഓസ്‌ട്രേലിയ ലോകകപ്പിലെ മത്സരം കളിക്കുന്നത് ഇരട്ടത്താപ്പാണെന്ന അഫ്ഗാനിസ്ഥാന്‍ പെയ്‌സ്ബൗളര്‍ നവീനുല്‍ ഹഖ് പരിഹസിച്ചു. മനുഷ്യാവകാശമല്ല രണ്ട് പോയന്റാണ് അവര്‍ക്ക് വലുതെന്നും ഓസ്‌ട്രേലിയയുടെ നിലപാട് കാപട്യമാണെന്നും നവീനുല്‍ ഹഖ് എഴുതി. താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനുമായുള്ള മൂന്നു മത്സര ഏകദിന പരമ്പര ഓസ്‌ട്രേലിയ റദ്ദാക്കിയത്.
നവീനുല്‍ ഹഖിന്റെ പരിഹാസം മാധ്യമപ്രവര്‍ത്തകര്‍ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനു മുന്നില്‍ ഉന്നയിച്ചു. അഫ്ഗാനിസ്ഥാനുമായി കളിക്കണമോയെന്ന താനല്ല തീരുമാനിക്കേണ്ടതെന്ന് സ്മിത്ത് പ്രതികരിച്ചു. ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനുമായി കളിച്ചിട്ടുണ്ടെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് ഓസ്‌ട്രേലിയയും നവീനല്‍ ഹഖിന് മറുപടി പറയാന്‍ രംഗത്തെത്തി. ലോകകപ്പ് ഐ.സി.സി ടൂര്‍ണമെന്റാണെന്നും അതില്‍ ആര് ആരുമായി കളിക്കണമെന്ന് ഐ.സി.സിയാണ് തീരുമാനിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.
ലോകകപ്പ് ഐ.സി.സി ടൂര്‍ണമെന്റാണെങ്കിലും ടീമുകള്‍ മുമ്പ് കളി ബഹിഷ്‌കരിച്ചിട്ടുണ്ട്. 1996 ലെ ലോകകപ്പില്‍ സുരക്ഷാ കാരണം പറഞ്ഞ് ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും ശ്രീലങ്കയില്‍ കളിച്ചില്ല. 2003 ലെ ലോകകപ്പില്‍ സിംബാബ്‌വെ നേപരിടാന്‍ ഇംഗ്ലണ്ടും തയാറായില്ല. അത് നേരത്തെ പുറത്താകുന്നതിനുള്ള കാരണങ്ങളിലൊന്നായി.
ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും രണ്ടു തവണ ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു തവണയും അഫ്ഗാനിസ്ഥാനെ ഓസീസ് ചതച്ചരച്ചു. 2015 ല്‍ പെര്‍ത്തില്‍ ഡേവിഡ് വാണറുടെ സെഞ്ചുറിയുടെ സഹായത്തോടെ (178) ആറിന് 417 റണ്‍സ് അടിക്കുകയും 275 റണ്‍സിന് ജയിക്കുകയും ചെയ്തു. 2019 ല്‍ 91 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന് ഓസീസ് വിജയം നേടി. ഇത്തവണയും വാണര്‍ 89 റണ്‍സുമായി പുറത്താവാതെ നിന്നു. എന്നാല്‍ ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും അട്ടിമറിച്ച അഫ്ഗാനിസ്ഥാനെ ഓസീസ് ലാഘവത്തോടെ സമീപിക്കില്ല. സ്പിന്‍ ഓസീസിന്റെ പ്രധാന ദൗര്‍ബല്യമാണെന്നരിക്കെ മുഹമ്മദ് നബിയും മുജീബുറഹ്മാനും റാഷിദ് ഖാനും നൂര്‍ അഹമ്മദും അവര്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തും. 2022 ലെ ട്വന്റി20 ലോകകപ്പില്‍ കഷ്ടിച്ചാണ് അഫ്ഗാനിസ്ഥാനെതിരെ ഓസീസ് രക്ഷപ്പെട്ടത്. മുംബൈ അത്ര സ്പിന്നനുകൂലമല്ല എന്നതാണ് അഫ്ഗാനിസ്ഥാന്റെ പ്രശ്‌നം. ഈ ടൂര്‍ണമെന്റില്‍ മൂന്നു തവണ വാംഖഡെയില്‍ സ്‌കോര്‍ 350 കടന്നു. ഒരു കളിയില്‍ ശരാശരി പതിനെട്ടിലേറെയാണ് സിക്‌സര്‍ നിരക്ക്.
ഈ മത്സരം കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയുമായി കളി ബാക്കിയുണ്ട്. ബംഗ്ലാദേശിനെയാണ് ഓസ്‌ട്രേലിയ അവസാന മത്സരത്തില്‍ നേരിടേണ്ടത്.






