ന്യൂദല്‍ഹി - ശ്രീലങ്കയുടെ ആഞ്ചലൊ മാത്യൂസ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ടൈംഡ് ഔട്ടായി പുറത്താവുന്ന ആദ്യ കളിക്കാരനായി. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ക്രീസിലെത്താനും ബൗളിംഗ് അഭിമുഖീകരിക്കാനും രണ്ട് മിനിറ്റിലേറെ സമയമെടുത്തതിനാണ് മാത്യൂസ് പുറത്തായത്. എതിര്‍ ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍മാര്‍ക്ക് മാത്യൂസിനെ പുറത്താക്കുകയല്ലാതെ വഴിയില്ലാതായി. എന്നാല്‍ രണ്ട് മിനിറ്റ് ആവും മുമ്പെ ബൗളിംഗ് നേരിടാന്‍ തയാറായിരുന്നുവെന്നും ഹെല്‍മറ്റ് ശരിയാക്കാന്‍ സ്ട്രാപ്പ് വലിക്കവെ അത് പൊട്ടിയതിനാലാണ് സമയം വൈകിയതെന്നുമുള്ള വാദം ശക്തമാണ്. എന്നാല്‍ ഇക്കാര്യം മാത്യൂസ് അമ്പയര്‍മാരെ ധരിപ്പിച്ചിരുന്നില്ല. പിന്നീട് ബംഗ്ലാദേശ് ബാറ്റ് ചെയ്തപ്പോള്‍ ശാഖിബ് 82 റണ്‍സടിച്ചെങ്കിലും പുറത്താക്കിയത് മാത്യൂസാണ്.
എന്താണ് നിയമം?
ചട്ടമനുസരിച്ച് ഒരു വിക്കറ്റ് വീണ ശേഷം രണ്ടു മിനിറ്റിനകം പുതിയ ബാറ്റര്‍ ബൗളറെ അഭിമുഖീകരിക്കാന്‍ തയാറായിരിക്കണം. മാത്യൂസ് രണ്ടു മിനിറ്റിലേറെ ശാഖിബ് അപ്പീല്‍ ചെയ്യുകയും അമ്പയര്‍ മറായ്‌സ് എറാസ്മസ്് സഹ അമ്പയര്‍ റിച്ചാഡ് ഇല്ലിംഗ്‌വര്‍ത്തുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തിയ ശേഷം വിധി പ്രഖ്യാപിക്കുകയുമായിരുന്നു. 3.49 നാണ് സമരവിക്രമ ഔട്ടായത്. മാത്യൂസ് ഔട്ടായി വിധിച്ചത് 3.54 നും. അതായത് മാത്യൂസിന് മൂന്നു മിനിറ്റിലേറെ സമയം അമ്പയര്‍മാര്‍ അനുവദിച്ചിരുന്നു.
സംഭവിച്ചത്
ഇരുപത്തഞ്ചാം ഓവറില്‍ സദീര സമരവിക്രമ പുറത്തായ ശേഷം മാത്യൂസ് ക്രീസിലെത്താന്‍ തന്നെ വൈകിയിരുന്നു. ശാഖിബിനെ നേരിടാനുള്ള അവസാന തയാറെടുപ്പിന്റെ ഭാഗമായി വലിച്ചപ്പോള്‍ ഹെല്‍മറ്റ് സ്ട്രാപ്പ് പൊട്ടി. അപ്പോഴേക്കും ഒരു മിനിറ്റ് 55 സെക്കന്റായി. മാത്യൂസ് ആവശ്യപ്പെട്ടതനുസരിച്ച് ചാമിക കരുണരത്‌നെ പുതിയ ഹെല്‍മറ്റുമായി വന്നു. ഈ സമയത്ത് ശാഖിബ് അമ്പയറെ സമീപിച്ചു. അമ്പയര്‍ ഔട്ട് വിധിക്കുമ്പോഴും മാത്യൂസ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ചാമിക പവിലിയനിലേക്ക് മടങ്ങിയിരുന്നുമില്ല. അപ്പോഴേക്കും മൂന്നു മിനിറ്റ് 20 സെക്കന്റെങ്കിലുമായിരുന്നു.
അമ്പയര്‍ തമാശ പറഞ്ഞതാണ് മാത്യൂസ് ആദ്യം ധരിച്ചത്. കാരണം അപ്പോഴേക്കും ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ അവരുടെ സ്ഥാനങ്ങളിലേക്ക് പോവുകയും ശാഖിബ് ബൗളിംഗിനായി ഒരുങ്ങുകയും ചെയ്തിരുന്നു. ആദ്യം അമ്പയറും പിന്നീട് മാത്യൂസും ശാഖിബുമായി സംസാരിച്ച ശേഷം അന്തിമമായി വിധി പ്രഖ്യാപിച്ചു. പിന്നാലെ മാത്യൂസ് പ്രതിഷേധത്തോടെ മടങ്ങി. ശാഖിബ് തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ബൗണ്ടറി ലൈന്‍ വിട്ടതും മാത്യൂസ് രോഷത്തോടെ ഹെല്‍മറ്റ് വലിച്ചെറിഞ്ഞു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറു തവണ കളിക്കാര്‍ ടൈംഡ് ഔട്ടായിട്ടുണ്ടെങ്കിലും ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ആദ്യ സംഭവമാണ്. 225 ഏകദിനങ്ങള്‍ കളിച്ച മാത്യൂസ് ഏറെ പരിചയസമ്പന്നനാണ്. 106 ടെസ്റ്റും 78 ട്വന്റി20യും കളിച്ചിട്ടുമുണ്ട്.
2007 ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സൗരവ് ഗാംഗുലി ബാറ്റിംഗിന് ഇറങ്ങാന്‍ ആറു മിനിറ്റെടുത്തെങ്കിലും അമ്പയര്‍മാര്‍ ടൈംഡ് ഔടാക്കിയിട്ടുണ്ടായിരുന്നില്ല. സചിന്‍ ടെണ്ടുല്‍ക്കറാണ് ആദ്യം ബാറ്റിംഗിന് വന്നത്. എന്നാല്‍ ഫീല്‍ഡില്‍ നിന്ന് ഏറെ നേരം വിട്ടുനിന്ന സചിന് ആ സമയത്ത് ബാറ്റ് ചെയ്യാന്‍ അനുവാദമില്ലെന്ന് അറിയിച്ച് അമ്പയര്‍മാര്‍ മടക്കുകയായിരുന്നു. സൗരവിന് ധൃതി പിടിച്ച് ഒരുങ്ങേണ്ടി വന്നു.






