വിവാദ ഔട്, വാക്കേറ്റം; ബംഗ്ലാ ജയം നിറം മങ്ങി

ന്യൂദല്‍ഹി - ലോകകപ്പില്‍ സെമിഫൈനല്‍ മോഹങ്ങള്‍ അസ്തമിച്ച ടീമുകളുടെ പോരാട്ടത്തിന് വിവാദങ്ങളുടെ എരിവും പുളിയും. ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ടൈംഡ് ഔട്ടായി പുറത്താവുന്ന ആദ്യ ബാറ്ററായി ആഞ്ചലൊ മാത്യൂസ് മാറുന്നതിന് കാരണക്കാരനായ ശാഖിബുല്‍ ഹസന്‍ ബംഗ്ലാദേശിന് ടൂര്‍ണമെന്റിലെ രണ്ടാമത്തെ വിജയം സമ്മാനിച്ചു. ചരിത അസലെങ്കയുടെ (105 പന്തില്‍ 108) സെഞ്ചുറിയോടെ ശ്രീലങ്ക 49.3 ഓവറില്‍ 279 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. മാത്യൂസിനെ പുറത്താക്കിയ രീതി കളിക്കാര്‍ തമ്മില്‍ പലപ്പോഴും ഉരസലിന് കാരണമായി. 
അസലെങ്കക്കു പുറമെ ഓപണര്‍ പത്തും നിസങ്ക (36 പന്തില്‍ 41), സദീര സമരവിക്രമ (42 പന്തില്‍ 41), ധനഞ്ജയ ഡിസില്‍വ (31 പന്തില്‍ 21) എന്നിവരും ശ്രീലങ്കക്കു വേണ്ടി പൊരുതി. ബംഗ്ലാദേശിന് ഓപണര്‍ തന്‍സീദ് ഹസനെ (9) എളുപ്പം നഷ്ടപ്പെട്ടു. സഹ ഓപണര്‍ ലിറ്റന്‍ ദാസിനെയും (22 പന്തില്‍ 23) ദില്‍ഷന്‍ മധുശങ്ക (10-1-69-3) പുറത്താക്കി. എന്നാല്‍ നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോയും (101 പന്തില്‍ 90) ശാഖിബും (65 പന്തില്‍ 82) മൂന്നാം വിക്കറ്റില്‍ 169 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരുടെയും സെഞ്ചുറി തടഞ്ഞത് ആഞ്ചലൊ മാത്യൂസാണ് (7.1-1-35-2). 
 

Latest News