ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത് മോഡിയുടെ വിജയമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊല്‍ക്കത്ത- ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രവര്‍ത്തന ഫലമാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. കളി കാണാന്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ബോസ് പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്.
മോഡി കൊണ്ടുവന്ന ആത്മനിര്‍ഭര്‍ ഭാരത് കായികമേഖലയേയും സ്വാധീനിച്ചു. എല്ലാ രംഗത്തും ഇന്ത്യ വിജയിക്കുകയാണ്, കായികമേഖലയിലും അതെ. ഇന്ത്യ മഹത്താണെന്ന് കരുത്തുറ്റതുമാണെന്നും ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ബി.സി.സിഐ ആണെന്നും ആനന്ദ ബോസ് പറഞ്ഞു.
നിരവധി പേരാണ് ഈ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്തുവന്നത്. ബി.സി.സി.ഐയെ ആനന്ദബോസ് എടുത്തുപറയാന്‍ കാരണം അമിത് ഷായുടെ മകന്‍ ജയ് ഷാ ആണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ കപ്പ് ഏറ്റുവാങ്ങുന്നത് മോഡി ആയിരിക്കുമോ എന്നാണ് ചിലരുടെ പരിഹാസം.

Latest News