ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ആദ്യ സംഭവം, ടൈംഔട്ടായി മാത്യൂസ്

ന്യൂദല്‍ഹി - ശ്രീലങ്കയുടെ ആഞ്ചലൊ മാത്യൂസ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ടൈംഡൗട്ടായി പുറത്താവുന്ന ആദ്യ കളിക്കാരനായി. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യത്തിലേറെ സമയമെടുത്തതോടെയാണ് മാത്യൂസിനെ അമ്പയര്‍ പുറത്താക്കിയത്. ബൗളിംഗ് നേരിടാന്‍ മാത്യൂസ് രണ്ടു മിനിറ്റിലേറെ സമയമെടുത്തപ്പോള്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന്‍ അപ്പീല്‍ നല്‍കുകയും സുദീര്‍ഘമായ ചര്‍ച്ചക്കു ശേഷം ഫീല്‍ഡ് അമ്പയര്‍മാരായ മറായ്‌സ് എറാസ്മസും റിച്ചാഡ് ഇല്ലിംഗ്‌വര്‍ത്തും ശരി വെക്കുകയുമായിരുന്നു. 
ഇരുപത്തഞ്ചാം ഓവറില്‍ സദീര സമരവിക്രമ പുറത്തായപ്പോഴാണ് മാത്യൂസ് ക്രീസിലെത്തിയത്. എന്നാല്‍ ഹെല്‍മറ്റ് ടൈറ്റായി വെക്കാതെയാണ് വന്നത്. ശാഖിബുല്‍ ഹസനെ നേരിടാനായി തയാറെടുത്തപ്പോള്‍ ഹെല്‍മറ്റിന്റെ സ്ട്രാപ് പൊട്ടിയതായി കണ്ടു. അതോടെ മറ്റൊരു ഹെല്‍മറ്റ് ഡ്രസ്സിംഗ് റൂമില്‍ ആവശ്യപ്പെട്ടു. അതിനായി കൂടുതല്‍ സമയമെടുത്തു. മാത്യൂസ് ഔട്ടായതായി അമ്പയര്‍മാര്‍ വിധിക്കുമ്പോഴേക്കും അപ്പോഴേക്കും ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ അവരുടെ സ്ഥാനങ്ങളിലേക്ക് പോവുകയും ശാഖിബ് ബൗളിംഗിനായി ഒരുങ്ങുകയും ചെയ്തിരുന്നു. 3.49 നാണ് സമരവിക്രമ ഔട്ടായത്. മാത്യൂസ് ഔട്ടായി വിധിച്ചത് 3.54 നും. അതായത് മാത്യൂസിന് മൂന്നു മിനിറ്റിലേറെ സമയം അമ്പയര്‍മാര്‍ അനുവദിച്ചിരുന്നു. 
ക്രീസിലെത്തിയപ്പോഴാണ് സ്ട്രാപ് പൊട്ടിയതായി കണ്ടതെന്ന് മാത്യൂസ് അമ്പയര്‍മാരോട് വാദിച്ചു. ശാഖിബുമായും സംസാരിച്ചു. എന്നാല്‍ അമ്പയര്‍മാര്‍ ഉറച്ചുനിന്നു. പ്രതിഷേധത്തോടെയാണ് മാത്യൂസ് പവിലിയനിലേക്ക് മടങ്ങിയത്. ക്രിക്കറ്റ് ചട്ടമനുസരിച്ച് വിക്കറ്റ് വീഴുകയോ, ബാറ്റര്‍ മറ്റെന്തെങ്കിലും കാരണത്തില്‍ കളി അവസാനിച്ച് പവിലിയനിലേക്ക് മടങ്ങുകയോ ചെയ്താല്‍ രണ്ടു മിനിറ്റിനകം പുതിയ ബാറ്റര്‍ പന്ത് അഭിമുഖീകരിക്കണം. 
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറു തവണ കളിക്കാര്‍ ടൈംഡൗട്ടായിട്ടുണ്ടെങ്കിലും ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ആദ്യ സംഭവമാണ്. 225 ഏകദിനങ്ങള്‍ കളിച്ച മാത്യൂസ് ഏറെ പരിചയസമ്പന്നനാണ്. 106 ടെസ്റ്റും 78 ട്വന്റി20യും കളിച്ചിട്ടുമുണ്ട്. 
 

Latest News