അച്ഛനെ വിട്ടു തരൂ, ഗോളടിച്ച ശേഷം ലിവര്‍പൂള്‍ താരം

ലൂടന്‍ - കൊളംബിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അച്ഛനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരവെ ലൂയിസ് ഡിയാസ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചു. ഇഞ്ചുറി ടൈമില്‍ ഡിയാസ് നേടിയ ഗോളിലാണ് ലൂടനെതിരെ ലിവര്‍പൂള്‍ 1-1 സമനിലയുമായി രക്ഷപ്പെട്ടത്. പിതാവിനെ അക്രമികള്‍ റാഞ്ചിയ ശേഷം ഡിയാസ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രണ്ട് കളികള്‍ നഷ്ടപ്പെട്ട ശേഷം വ്യാഴാഴ്ചയാണ് പരിശീലനം പുനരാരംഭിച്ചത്. ലൂടനെതിരെ 83ാം മിനിറ്റില്‍ പകരക്കാരനായിറങ്ങി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ഗോള്‍. 
ഗോളടിച്ച ശേഷം അച്ഛനെ മോചിപ്പിക്കൂ എന്നെഴുതിയ ടി ഷര്‍ട് ഡിയാസ് പ്രദര്‍ശിപ്പിച്ചു. അതിനു ശേഷം വൈകാരികമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 
താനും അമ്മയും സഹോദരന്മാരും വേദനയോടെ കാത്തിരിപ്പ് തുടരുകയാണെന്നും ഒരു ഫുട്‌ബോളറായല്ല, മകനായാണ് ഈ അഭ്യര്‍ഥനയെന്നും വേദന തുളുമ്പുന്ന വാക്കുകളില്‍ ഡിയാസ് അഭ്യര്‍ഥിച്ചു. 
കൊളംബിയയിലെ ചെറുനഗരമായ ബരാങ്കയില്‍ ഇ.പി.എല്‍ തീവ്രവാദികളാണ് ഡിയാസിന്റെ അമ്മയെയും അച്ഛനെയും റാഞ്ചിയത്. അമ്മയെ വൈകാതെ പോലീസ് മോചിപ്പിച്ചു. പിതാവിനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ് വെളിപ്പെടുത്തി.
 

Latest News